keralaKerala NewsLatest News

എൻഎം. വിജയന്റെ ആത്മഹത്യ; എഐസിസി അംഗം എൻഡി അപ്പച്ചനെതിരെ നിർണായകമായ തെളിവുകൾ പുറത്ത്

വയനാട് മുൻ ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. അംഗം എൻ.ഡി. അപ്പച്ചനെതിരെ നിർണായകമായ തെളിവുകൾ പുറത്തുവന്നു. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എൻ.ഡി. അപ്പച്ചന് വിജയൻ നൽകിയ പണം തിരികെ ചോദിക്കുന്ന ശബ്ദസന്ദേശം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇത് തന്റെ ശബ്ദമല്ലെന്നായിരുന്നു അപ്പച്ചൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ ഈ ശബ്ദം അപ്പച്ചന്റേതാണെന്ന് സ്ഥിരീകരിച്ചു. വിജയന്റെ ഡയറിക്കുറിപ്പുകളിൽ നിന്നും അപ്പച്ചന് പണം നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു.

എൻ.എം. വിജയന്റെ ആത്മഹത്യയിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണാ കേസിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ആണ് ഒന്നാം പ്രതി. മുൻ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും മുൻ കോൺഗ്രസ് നേതാക്കളായ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളുമാണ്. കേസിൽ നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ഇതോടെ ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിച്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ കുരുക്കിലാവുകയായിരുന്നു.

ഡിസംബർ 25-നാണ് എൻ.എം. വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരണപ്പെട്ടു. ഇതിനുശേഷം പുറത്തുവന്ന എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടിയായത്. ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകൾ വിജയൻ കത്തിൽ പരാമർശിച്ചിരുന്നു.

പിന്നാലെ, എൻ.എം. വിജയന്റെ മരുമകൾ പത്മജ, എൻ.ഡി. അപ്പച്ചനെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തെത്തി. എൻ.ഡി. അപ്പച്ചൻ വിജയനെ ചതിക്കുകയായിരുന്നുവെന്നും, അദ്ദേഹത്തിന് നാണമില്ലെന്നും പോലീസ് പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞിരുന്നു. സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ വിവിധ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് എൻ.ഡി. അപ്പച്ചൻ വയനാട് ഡി.സി.സി. അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Tag: N.M. Vijayan’s suicide; Crucial evidence against AICC member N.D. Appachan revealed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button