കൂടുതൽ പണം അക്കൗണ്ടിൽ വരുന്നതുമൂലം കള്ളപ്പണക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും സാധിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് ഇപ്പോൾ സഖാവിനും ബോദ്ധ്യമുണ്ടാവാം.

തിരുവനന്തപുരം/ ബംഗളുരു മയക്കുമരുന്നു മാഫിയക്ക് പണം നൽകി സഹായിച്ച കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റു ചെയ്തു ചോദ്യം ചെയ്തുവരുന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഒരു പഴയ പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നോട്ടുനിരോധനത്തെ വിമർശിച്ച് കഴിഞ്ഞ വർഷം നവംബർ ഏഴിന് ബിനീഷ് പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രീജിത്ത് പണിക്കർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
നാളെ നവംബർ 8. ചരിത്രപരമായ ഏറ്റവും വലിയ മണ്ടത്തരമായി നോട്ട് നിരോധനം കൊണ്ടു വന്നതിന്റെ മൂന്നാണ്ട്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതിന്റെ മൂന്നാണ്ട്. മാനവരാശിയുടെ തന്നെ നിലനിൽപ്പിനെ ബാധിച്ച മൂന്നാണ്ട്. ഇനിയും ഇതുവഴി വരില്ലേ ഇത്തരം തീരുമാനങ്ങളുമായി മോദീജി എന്നായിരുന്നു ബിനീഷ് 2019 നവംബർ 7 ന് പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെ പരിഹസിച്ച് കൊണ്ട് ശ്രീജിത്ത് പണിക്കരുടെ ഫേസ് ബുക്ക് പോസ്റ്റിൽ, കൂടുതൽ പണം അക്കൗണ്ടിൽ വരുന്നതുമൂലം കള്ളപ്പണ ക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും സാധിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് ഇപ്പോൾ സഖാവിനും ബോദ്ധ്യമുണ്ടാവാം. കള്ളപ്പണക്കാർക്ക് രക്ഷയില്ലെന്ന് അന്നേ പറഞ്ഞ സ്ഥിതിക്ക് ഇതുപോലെയുള്ള ചരിത്രപരമായ മണ്ടത്തരങ്ങളുമായി മോദിജി ഇനിയും ഈ വഴി വരാനാണ് സാദ്ധ്യതയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീജിത്ത് പണിക്കർ കുറിച്ചിരിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
ഇന്ന് നവംബർ 8.
ചിത്രത്തിൽ കാണുന്ന പോസ്റ്റിലെ വിവരങ്ങളോട് സഖാവിന് ഇന്ന് വിയോജിപ്പാവും എന്നാണ് എന്റെ പ്രതീക്ഷ. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചവരെ ഇഡി ഒന്നൊന്നായി പൊക്കുന്നു. കള്ളത്തരം കാട്ടി ജീവിച്ച ചില മനുഷ്യരുടെ നിലനില്പിനെ തന്നെ ബാധിച്ച തീരുമാനമായിപ്പോയി നോട്ട് നിരോധനം.
ഇഡിയുടെ കണക്കുകൾ പ്രകാരം നോട്ട് നിരോധനം നടന്ന വർഷം സഖാവിന്റെ ബാങ്ക് അക്കൗണ്ടിൽ പണനിക്ഷേപമായി വന്ന തുക (?1,18,99,000) മുൻവർഷത്തെ അപേക്ഷിച്ച് (?56,29,000) ഇരട്ടിയിൽ അധികമാണ്. കൂടുതൽ പണം അക്കൗണ്ടിൽ വരുന്നതുമൂലം കള്ളപ്പണക്കാരെ തിരിച്ചറിയാനും ശിക്ഷിക്കാനും സാധിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് ഇപ്പോൾ സഖാവിനും ബോധ്യമുണ്ടാവാം.
കള്ളപ്പണക്കാർക്ക് രക്ഷയില്ലെന്ന് അന്നേ പറഞ്ഞ സ്ഥിതിക്ക് ഇതുപോലെയുള്ള ചരിത്രപരമായ മണ്ടത്തരങ്ങളുമായി മോദിജി ഇനിയും ഈ വഴി വരാനാണ് സാദ്ധ്യത. എഫ് ബി പോസ്റ്റിൽ പറയുന്നു.