കാലിൽ അണുബാധയേറ്റ് ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു.

വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞും അസുഖ ബാധിതനായും ദുരിത ജീവിതം തളളി നീക്കിവന്ന കൊല്ലം സ്വദേശിയായ 40 കാരനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്തോഷ് (40) ആണ്, ഒമാനിലെ ഇബ്രിക്ക് സമീപം മുഖ്‌നിയാത്തില്‍ ഞായറാഴ്ച മരിച്ചനിലയിൽ കാണുന്നത്.
ഒന്നര വര്‍ഷത്തോളമായി കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ദുരിത ജീവിതം അനുഭവിച്ചുവന്ന സന്തോഷ് പ്രദേശത്ത് പണി നടക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള ഷെഡിലാണ് ജീവിതം കഴിച്ചു കൂട്ടിയിരുന്നത്. മുഖ്‌നിയാത്തില്‍ ഹോട്ടല്‍ നടത്തുന്ന കുറ്റ്യാടി സ്വദേശി പ്രകാശന്‍ എന്ന നന്മയുള്ള മനസുകൊണ്ടാണ് സന്തോഷ് ഭക്ഷണം കഴിച്ചു വന്നിരുന്നത്. സന്തോഷിന്റെ ദുരവസ്ഥ കണ്ടു പ്രകാശന്‍ നിത്യവും ഇയാൾ താമസിക്കുന്ന ഷെഡിൽ ഭക്ഷണം എത്തിച്ചു കൊടുത്തു വരുകയായിരുന്നു.
നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷിന് അപകടം പറ്റിയെങ്കിലും ചികിത്സ ലഭിക്കാത്തതിനാൽ കാലിൽ അണു ബാധ ഉണ്ടാവുകയായിരുന്നു.
ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതോടെ ജീവിതം ദുരിതപൂര്‍ണമായി. പാസ്‌പോര്‍ട്ടും വീസയും കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും കഴിയാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രകാശന്‍ ഭക്ഷണവുമായി ചെന്നപ്പോള്‍ സന്തോഷ് ഏറെ ക്ഷീണിതനായിരുന്നു. അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ അടുത്ത ദിവസം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തവെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.