പിന്‍വാതില്‍ നിയമനങ്ങൾ മൂടി മുഖത്ത് പൗഡറിടാൻ പി എസ് സി ചെയർമാനും രംഗത്ത്.

ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതില്‍ പ്രതികൂട്ടിലായ പി എസ് സി യുടെ ചെയർമാൻ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനെതിരെ രംഗത്ത്. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ മോഹവലയത്തില്‍ വീണ് വഞ്ചിതരാകരുതെന്നാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.കെ. സക്കീര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി ബുള്ളറ്റിന്റെ പുതിയ ലക്കത്തിന്റെ ആമുഖക്കുറിപ്പിലൂടെ നൽകുന്ന ഉപദേശം. പിഎസ്‌സി റാങ്ക് പട്ടികകളെ നോക്കുകുത്തിയാക്കി സർക്കാർ അനുകൂലികളെയും, സ്വന്തക്കാരെയും തിരുകിക്കയറ്റുകയും, ഭരണം കണ്‍സള്‍ട്ടസിക്കാര്‍ കൈയടക്കുകയും ചെയ്തതോടെ വ്യാപക ജനരോക്ഷമാണ് സര്‍ക്കാരിനെതിരെ ഉയർന്നുവരുന്നത്.

ഇതിനിടെ മാധ്യമങ്ങളിലൂടെ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, പിഎസ്‌സി യുവാക്കളോട് കാട്ടുന്ന വഞ്ചനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വലിയ ജനപിന്തുണയാണ് ഈ വിഷയത്തില്‍ അസോസിയേഷന് ലഭിച്ചത്. സിപിഎം നേതാക്കളും, പാര്‍ട്ടി മുഖപത്രവും, ചാനലും ഇതിനെതിരെ പ്രചരണം നടത്തിയെങ്കിലും വിലപ്പോയില്ല. യു ട്യൂബ് ചാനലുകൾ വഴിയും, സോഷ്യൽ മീഡിയ വഴിയും തൊഴിൽ രഹിതരെ വരുതിക്കുള്ളിലാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയിട്ടും ബലമുണ്ടാകാതെ വന്നതോടെയാണ് പിഎസ്‌സി ചെയര്‍മാന്‍ തന്നെ ഇക്കാര്യത്തിൽ നേരിട്ട് രംഗത്തെത്തിയത്.
എതിരാളികള്‍ക്കെതിരെ സർക്കാർ പയറ്റുന്ന തന്ത്രമാണ് പിഎസ്‌സി ചെയര്‍മാനും നടത്തുന്നതെന്നു വേണം ഇതിനെ പറയാൻ. റാങ്ക് ഹോൾഡേഴ്സ് അസ്സോസിയേഷനുകളെ നിർവീര്യമാക്കാനും, ഉദ്യോഗാർത്ഥികളെ മാനസികമായും ശാരീരികമായും തളർത്തുക എന്ന നയമാണ് ഇക്കാര്യത്തിൽ പി എസ് സി ചെയർമാന്റെ ഭാഗത്ത് നിന്ന് പോലും ഉണ്ടായിരിക്കുന്നത്. സത്യം തുറന്നു പറയുകയും പിഎസ്‌സിയുടെ വഞ്ചനയ്‌ക്കെതിരെ കോടതിയെ വരെ സമീപിക്കുകയും ചെയ്ത അസോസിയേഷനെ മോശക്കാരാക്കുന്നതിനൊപ്പം,
റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ മോഹവലയത്തില്‍ വീണ് വഞ്ചിതരാകരുതെന്നും, അസോസിയേഷന്‍ സാമ്പത്തിക വിനിമയം നടത്തുന്നതായി പരാതിയുണ്ടെന്നും ചെയര്‍മാന്‍, പി എസ് സി ക്ക് മുന്നിൽ റാങ്ക് ഹോൾഡേഴ്സ് മാത്രമേ ഉളളൂ എന്ന് എഴുതിയിരിക്കുന്ന കുറിപ്പിൽ അധിക്ഷേപിക്കുന്നു. പിഎസ്‌സിയുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരു അസോസിയേഷന്റെയും ആവശ്യമില്ലെന്നും ചെയര്‍മാന്‍ പറയുന്നുണ്ട്. പി എസ് സി ക്ക് മുന്നിൽ റാങ്ക് ഹോൾഡേഴ്സ് മാത്രമേ ഉളളൂ എന്നും, റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഇല്ലെന്നും പറഞ്ഞാണ് പി എസ് സി ചെയർമാൻ അഡ്വ എം കെ സക്കീറിന്റെ നേരിട്ട് എന്ന ആമുഖ കുറിപ്പ് തന്നെ തുടങ്ങുന്നത്.
പി എസ് സി യുടെ തെരെഞ്ഞെടുപ്പ് പ്രൊഫൈൽ സൃഷ്ടിച്ച് അപേക്ഷിക്കുന്നത് മുതൽ ഒരു ഉദ്യോഗാർത്ഥി പി എസ് സി യുടെ ഭാഗമാവുകയാണ്. ഓരോ തെരെഞ്ഞെടുപ്പ് ഘട്ടത്തിലും ഉദ്യോഗാർത്ഥികളുമായി സവിശേഷ ബന്ധം തന്നെയാണ് പി എസ് സി ക്ക് ഉള്ളത്. ഓരോ ഉദ്യോഗാർത്ഥിയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു കഴിഞ്ഞാലും റാങ്ക് ഹോൾഡർ എന്ന നിലക്ക് പി എസ് സി യെ നേരിട്ട് സമീപിക്കാവുന്നതാണ്. അതിനു റാങ്ക് ഹോൾഡേഴ്സ് അസ്സോസിയേഷന്റെയോ മറ്റു സംഘടനകളുടെയോ ആവശ്യമില്ലെന്നറിയിക്കാനാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് സക്കീർ പറഞ്ഞിട്ടുള്ളത്.
റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ എന്ന നിലക്ക് ചിലർ ഉദ്യോഗാർത്ഥികളെ സമീപിച്ച് സംഘടനയോടൊപ്പം നിൽക്കാൻ
ആവശ്യപ്പെടുന്നതാണ് പരാതി വരുന്നുണ്ട്. ഇല്ലെങ്കിൽ ജോലി സാധ്യത കുറവാണെന്നു ഇക്കൂട്ടർ ആക്ഷേപം ഉന്നയിക്കുന്നു. ചില അവസരങ്ങളിൽ സാമ്പത്തിക വിനിമയം വരെ നടക്കുന്നതായി പരാതിയുണ്ട്. വകുപ്പ് അധികാരികളെ സ്വാധീനിച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക,പി എസ് സി യിൽ നിന്ന് നിയമന ശിപാർശ വേഗത്തിലാക്കുക, കോടതി വ്യവഹാരം വഴി പരിഹാരത്തിന് ശ്രമിക്കുക, ഇങ്ങനെ പല ആവശ്യങ്ങളും പറഞ്ഞാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഉദ്യോഗാർത്ഥികൾക്കിടയിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നത്. മുൻപത്തേക്കാൾ വേഗത്തിലാണ് ഇപ്പോൾ വകുപ്പുകളിൽ നിന്ന് ഒഴിവുകൾ പി എസ് സി യിൽ എത്തുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് സർക്കാർ കൃത്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതിനാലും, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത അധികാരികൾക്കെതിരെ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിനാലും, കാലതാമസം കൂടാതെ,വേക്കൻസി റിപ്പോർട്ട് നടക്കുന്നുണ്ടെന്നും, സക്കീർ അവകാശപ്പെടുന്നു.
പി എസ് സി യിൽ ലഭിക്കുന്ന ഒഴിവുകൾ സൂക്ഷ്മമായ പരിശോധന നടത്തി ന്യുനതകൾ ഇല്ലാത്തവർക്ക് ഉടനടി നിയമന ശിപാർശ ചെയ്യാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന പെർഫോമയിൽ സാങ്കേതികമായി കാണുന്ന ന്യുനതകൾക്ക് ഫോൺ മുഖേന പോലും പരിഹാരം തേടും. കോടതി വ്യവഹാരമുള്ള തസ്തികകളുടെ ഒഴിവുകളിൽ മാത്രമേ കാലതാമസം നേരിടുന്നുള്ളൂ. പി എസ് സി യുടെ നടപടി വേഗത്തിലാക്കാൻ ഒരു അസോസിയേഷന്റെയും സ്വാധീനം ആവശ്യമില്ല. സാധാരണ ഉദ്യോഗാർഥിക്കോ റാങ്ക് ഹോൾഡർമാർക്കോ നൽകുന്നതിനേക്കാൾ
കൂടുതൽ പരിഗണന അസോസിയേഷൻ നേതാക്കൾക്കോ പ്രവർത്തകർക്കോ കമ്മീഷൻ നൽകാറില്ലെന്നും, ഓരോ ഉദ്യോഗാർത്ഥിയും വ്യക്തിപരമായി നൽകുന്ന അപേക്ഷകൾ പരിഗണിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ വെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ മോഹ വലയത്തിൽ വീണ് വഞ്ചിതരാകാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണമെന്നും പി എസ് സി ചെയർമാൻ ഉദ്യോഗാർത്ഥികളെ ഉപദേശിക്കുന്നു.
സംസ്ഥാനത്തു പിന്‍വാതില്‍ നിയമനം ധാരാളമായി നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിൽ ചെയര്‍മാന്റെ മുന്നറിയിപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഒഴിവുവന്ന തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടന്നിട്ടുണ്ടോ, തസ്തികകള്‍ ഒഴിഞ്ഞു കിടക്കെ നിയമനം നല്‍കാതെ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച അനുഭവമുണ്ടായിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ എന്തുകൊണ്ട് തസ്തികകള്‍ നികത്തിയില്ല, തുടങ്ങിയ ഉദ്യോഗാർഥികളുടെ ആക്ഷേപങ്ങൾക്ക് മുന്നിൽ ചെയര്‍മാന്‍ തീർത്തും മൗനം പാലിച്ചിരിക്കുന്നു.
സി പി എമ്മിന്റെ മുഖപത്രം, ചാനൽ,സോഷ്യൽ മീഡിയ ചാനലുകൾ വഴിയൊക്കെ വഴി, പിന്‍വാതില്‍ നിയമനങ്ങൾ മൂടിക്കാണിച്ച് മുഖത്ത് പൗഡറിടാൻ നടത്തിയ ശ്രമങ്ങൾ ഒന്നടങ്കം പരാജയമടഞ്ഞതിനു പിറകെയാണ് റാങ്ക് ഹോൾഡേഴ്സ് അസ്സോസിയേഷൻ വെറുതെയാണെന്നും, വേണ്ടെന്നും, അസോസിയേഷന്റെ പിറകെ പോകരുതെന്നും പി എസ് സി ചെയർമാന്റെ ഉപദേശം വന്നിരിക്കുന്നത്.