keralaKerala NewsLatest News

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം, നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം

വനഭൂമിയിലെ കൈവശഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ, കെട്ടിടത്തിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം അനുവദിക്കുമെന്ന് സർക്കാർ തീരുമാനിച്ചു. 1993ലെ ഭൂപതിവ് ചട്ടപ്രകാരം 1977നു മുമ്പ് വനഭൂമി കൈവശം വെച്ച് വരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഭൂമി പട്ടയമായി നൽകാനുള്ള നടപടികൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഇത്തരത്തിലുള്ള ഭൂമികളിൽ പലരും വീടുകളും വ്യാപാരസ്ഥാപനങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നതും ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമാണ്. ചട്ടപ്രകാരം ഷോപ്പ് സൈറ്റുകൾക്കും പട്ടയം അനുവദിക്കാമെന്ന വ്യവസ്ഥയുണ്ട്.

അതേസമയം, കേരള പിറവി ദിനമായ നവംബർ 1-ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അതിനായി ഗവർണറോട് ശുപാർശ നൽകാനും യോഗം തീരുമാനിച്ചു.

കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിൽ 88 സെന്റ് സ്ഥലത്ത് ഒരു നോൺ-സീസ് ഐ.ടി കെട്ടിടം നിർമ്മിക്കാൻ മന്ത്രിസഭ ഭരണാനുമതി നൽകി. ഇൻഫോപാർക്കിന്റെ സ്വന്തം ഫണ്ടും ബാങ്ക് ലോൺ സഹായവുമായാണ് ഏകദേശം ₹118.33 കോടി ചെലവിൽ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുക.

ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനിൽ ലയിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സമാന സ്വഭാവമുള്ള രണ്ട് സ്ഥാപനങ്ങളുടെ ഏകീകരണ നടപടിയുടെ ഭാഗമായാണ് ഈ ലയനം. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ കയർ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറിന് ചുമതല നൽകി.

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികൾക്ക് 2019 ജനുവരി 1 മുതൽ 2022 ഡിസംബർ വരെ ദിവസം ₹28 നിരക്കിൽ അധികമായി നൽകിയ ₹2,54,69,618 രൂപയുടെ ഇടക്കാലാശ്വാസ തുക തിരികെ പിടിക്കാനുള്ള നടപടി ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് പ്രത്യേക കേസായി പരിഗണിച്ച് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നൽകി.

തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കുട്ടൻകുളം നവീകരണ പ്രവർത്തനങ്ങൾക്കായി ₹4,04,60,373 രൂപയുടെ ടെണ്ടർ മന്ത്രിസഭ യോഗം അംഗീകരിച്ചു.

Special session of the Legislative Assembly on November 1st, lease on forest land without considering the area of ​​buildings

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button