സജ്ന ഷാജിയെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കൊച്ചി; ട്രാൻസ്ജെൻഡർ സജ്ന ഷാജിയെയും സുഹൃത്തുക്കളെയും ആക്ഷേപിക്കുകയും ഉപജീവനമാർഗമായിരുന്ന ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഒരാളെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. എരൂർ സ്വദേശി ഗിരീഷാണ് (48) അറസ്റ്റിലായത്.
സംഭവത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് പൊലീസ് നടപടികൾ വേഗത്തിലായത്.
എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്‌ന അടക്കം അഞ്ച് ട്രാൻസ്‌ജെൻഡർമാർ. തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ്‌ന ഉൾപ്പെടെയുള്ളവരെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിൽ മനസ് തകർന്നാണ് സജ്ന ലൈവിൽ വന്നത്.തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം സജ്നയോടെ നഗരസഭാ ഓഫീസിൽ എത്താൻ അറിയിച്ചിട്ടുണ്ട്. നടൻ ജയസൂര്യ ബിരിയാണിക്കട ആരംഭിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തു.