ജീത്തു ഒരു ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടും: അഭിനന്ദന ട്രോളുകളുമായി പ്രേക്ഷകർ

ജീത്തു ഒരു ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടും എന്ന പറഞ്ഞു കൊണ്ടാണ് പലതും ദൃശ്യം രണ്ടിനെ വിലയിരുത്തുന്നത്. കാരണം വേറൊന്നുമല്ല ഇത്രയും മാസ്സീവ് ആയ രണ്ടാം ഭാഗം വേറെ ഉണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ദൃശ്യം 2 കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായി. സാധാരണ ഗതിയിൽ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു വരാൻ എടുക്കുന്ന സമയം വേണ്ടി വന്നില്ല, ഒന്ന് നേരം ഇരുട്ടി വെളുത്തതും ചിത്രത്തിന് സ്വീകാര്യത ലഭിക്കാൻ. കണ്ടവരിൽ എതിരഭിപ്രായം പറയുന്നവരെ കണ്ടെത്തുക തന്നെ വളരെ വലിയ ബുദ്ധിമുട്ടാണ്.
ജീത്തുവിനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്രോളുകളും വീഡിയോകളും വരാൻ തുടങ്ങിയിട്ടുണ്ട്. റിലീസിന് മുൻപ് അദ്ദേഹം നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ വെച്ചുകൊണ്ടുള്ള വീഡിയോകളാണ് പലരും ചെയ്തിരിക്കുന്നത്. ‘ഇയാൾ സംവിധായകൻ അല്ലായിരുന്നെങ്കിൽ ലോകം അറിയുന്ന ഒരു വലിയ ക്രിമിനൽ ആയേനെ,’ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
ജീത്തു ജോസഫ് എന്നെങ്കിലും ഒരു ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടുമെന്നും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെ ചിന്തിക്കാൻ കഴിയുന്നുവെന്നുമാണ് ചിലരുടെ കമന്റ്.
മോഹൻലാൽ, മീന, എസ്തേർ, അൻസിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങൾ. 2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം.