സർക്കാരിന് സി ബി ഐ യുടെ പൂട്ട്, ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുത്തു

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയിൽ സി ബി ഐ, എഫ്ഐആർ സമർപ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണു സിബിഐ കേസെടുത്തത്. അക്ഷരാർത്ഥത്തിൽ സി ബി ഐ അന്വേഷണം സംസ്ഥാന സർക്കാരിന് എതിരെയാണ്. കേസിൽ സംസ്ഥാന സർക്കാരാവും പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുക. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സിബിഐ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്.
ലൈഫ് മിഷന് ഇടപാടിലെ വിവാദങ്ങള്‍ സിബിഐ അന്വേഷിച്ച് തുടങ്ങിയ വിവരങ്ങൾ നവകേരള റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ സിബിഐ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നതായുള്ള ആരോപണത്തിലെ സി ബി ഐ അന്വേഷണം പ്രോട്ടോകോൾ ലംഘനങ്ങളിലേക്കും സത്യപ്രതിജ്ഞ ലംഘനങ്ങളിലേക്കും എത്തുമെന്ന് ഇതോടെ ഉറപ്പായി.
സ്വർണക്കടത്തിന് പിന്നാലെ മറ്റൊരു കേസിൽ കൂടി കേന്ദ്ര ഏജൻസിയുടെ അന്വേഷണം സംസ്ഥാന സർക്കാരിനെ തീർത്തും വെട്ടിലാകും. നിയമ ലംഘനങ്ങളെ പ്രതിരോധിക്കാൻ നടത്തിയ പ്രചരണങ്ങളും, പ്രതിദിന ന്യായീകരങ്ങളും, എന്തിന്, കുരുക്കുകളിൽ നിന്ന് രക്ഷപെടാൻ തട്ടികൂട്ടിയ വിജിലൻസ് അന്വേഷണവുമൊക്കെ വെള്ളത്തിലാവുകയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
2.17 ഏക്കറിൽ 140 ഫ്ലാറ്റ് നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ റെഡ് ക്രസൻറുമായി ധാരണയിലെത്തിയതു 2019 ജൂലൈ 11നാണ്. സർക്കാർ വക ഭൂമി യാണ് ഇതിനായി സർക്കാർ കൊടുക്കുന്നത്. വിദേശരാജ്യങ്ങളുമായുള്ള കരാർ കേന്ദ്രപട്ടികയിൽപ്പെടുന്നതിനാൽ ധാരണാപത്രത്തിനു കേന്ദ്രാനുമതി വേണ്ടിയിരുന്നു. എന്നാൽ അത് വാങ്ങിയിരുന്നില്ല. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാൻ കോൺസുലേറ്റിനും നിർമാണ കമ്പനിയായ യൂണിടാക്കിനും അധികാരമില്ല. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സർക്കാരും റെഡ് ക്രസൻറും ചേർന്നാണ്. എന്നാൽ, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിർമാണക്കരാർ യൂണിടാക്കിനു നൽകുകയായിരുന്നു. കരാർ ഒപ്പിട്ടത് കോൺസുലേറ്റ് ജനറലും യൂണിടാക്കുമാണ്. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണക്കരാറിൽ കക്ഷിയായിരുന്നില്ല എന്നതാണ് രസകരം.
ലൈഫ് മിഷൻ കരാർ സംബന്ധിച്ചു സി ബി ഐ അന്വേഷണം ഉണ്ടായാൽ സർക്കാർ കുടുങ്ങുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ലൈഫ്മിഷൻ കരാർ സംബന്ധിച്ചു സംസ്ഥാന സർക്കാറിൻ്റെ വിജിലൻസ് അന്വേഷണം സി ബി ഐയെ ഭയന്നുള്ള നടപടിയാണെന്ന വസ്തുതയാണ് നവകേരള പറഞ്ഞിരുന്നത്. പ്രതിപക്ഷ ആരോപണങ്ങളും, പെട്ടെന്നുള്ള വിജിലൻസ് അന്വേഷണ തീരുമാനവും ഒക്കെ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. വിവാദങ്ങൾ ഉടലെടുത്ത് ഒരു മാസം പിന്നിട്ടിട്ടു പോലും ചിന്തിക്കാതിരുന്ന വിജിലൻസ് അന്വേഷണം ഒരു സുപ്രഭാതത്തിൽ ഉണ്ടായത് സി ബി ഐ അന്വേഷണം വന്നേക്കുമെന്ന സ്ഥിതിവന്നപ്പോഴാണ് പ്രഖ്യാപിക്കപ്പെടുന്നത്. കേസ് സി ബി ഐക്ക് വിടണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ഉടലെടുത്തതിന് പിന്നാലെ ആയിരുന്നു ഇത്. സി ബി ഐ അന്വേഷണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെ വിജിലൻസ് എന്ന പുകമറകൊണ്ട് ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പത്ര സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായതും സി ബി ഐയെക്കുറിച്ചുള്ള ഭയം മൂലം തന്നെയായിരുന്നു. വിജിലിസിനു കേസ് കൈമാറിയതായി പ്രഖ്യാപിച്ചു, ഫയലുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നീക്കമാണ് യഥാർത്ഥത്തിൽ നടത്താൻ ശ്രമിച്ചത്.
ലൈഫ് മിഷന് അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം ആണ് കേസിൽ മുഖ്യമായും പരിഗണിക്കുക. ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് മുഖ്യമായ പരാതി. ഇത് ഉന്നയിച്ചിരിക്കുന്നത് ഒരു എം എൽ എ ആണ്. ഇതനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം സിബിഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അനുമതി തേടിയാല്‍ മതിയാകും എന്നതാണ് നിയമം. ഇതോടെ സംസ്ഥാന സർക്കാരിന്റെ വിജിലെൻസ് അന്വേഷണം സർക്കാരിന് കോഴ വാങ്ങിയ സ്വപ്നയുടെ ലോക്കറിൽ ഇട്ടു പൂട്ടേണ്ടിവരും.
ഏതു വിദേശരാജ്യത്തുനിന്നും സഹായം സ്വീകരിക്കണമെങ്കിലും സംസ്ഥാന സർക്കാർ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണം. കേരളം എന്നത് ഒരു രാജ്യമല്ല. ഇന്ത്യൻ യൂണിയന്റെ ഭാഗമാണത്. വിദേശരാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കെ സംസ്ഥാനം എങ്ങനെ യുഎഇ റെഡ് ക്രസന്റില്‍നിന്ന് സഹായം സ്വീകരിച്ചെന്ന കാര്യമാണ് നിലവില്‍ വിദേശകാര്യമന്ത്രാലയം ചോദിച്ചിരുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിരുന്നതുമാണ്. കേന്ദ്രാനുമതി ആവശ്യമില്ലെന്നും വിവരം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കില്‍ അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് തുടർന്ന് വ്യക്തമാക്കിയത്. ഇതടക്കമുള്ള കാര്യങ്ങളും സി ബി ഐ യുടെ അന്വേഷണ പരിധിയില്‍ ഉണ്ട്.