പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി; ആറ് മാസത്തിനിടെ കേരളത്തിൽ അനുമതി നൽകിയത് 8 കുട്ടികൾക്ക്

കൊച്ചി: പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. പീഡനത്തിനിരയായ കുട്ടികളുടെ അമ്മമാരുടെ അപേക്ഷയിൽ ആറ് മാസത്തിനിടെ ഹൈക്കോടതി അനുമതി നൽകിയത് 8 കുട്ടികൾക്കാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ കുട്ടികളാണ് പീഡനത്തിനിരയായി ഗർഭിണികളായത്.
ഇന്നലെ 16 വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയുടെ അപേക്ഷയിലാണ് ജസ്റ്റിസ് പി. വി. ആശാ അനുമതി നൽകിയത്. മുമ്പ് അനുമതി നൽകിയതെല്ലാം 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ഗർഭഛിദ്രത്തിനാണ്.
16 വയസുകാരിയുടെ ഗർഭാവസ്ഥയുടെ കാലാവധി 28 ആഴ്ചകൾ പിന്നിട്ടിട്ടുണ്ട്. ഗർഭാവസ്ഥ നിയമപരമായി അനുവദനീയമായ സമയപരിധിക്കപ്പുറത്തേക്ക് കടന്നതിനലാണ് ഈ കേസുകളെല്ലാം ഹൈക്കോടതിയിലെത്തിയത്. പെൺകുട്ടികൾക്ക് ഉണ്ടാകാനിടയുള്ള പ്രതികൂല മാനസിക പ്രത്യാഘാതവും കുഞ്ഞിനുണ്ടാകാവുന്ന പ്രശ്നങ്ങളും കണക്കിലെടുത്താണ് കോടതി ഈ കേസുകൾ കൈകാര്യം ചെയ്തത്.
സാധാരണയായി, എംടിപി ആക്ട് 1971 പ്രകാരം 20 ആഴ്ച പിന്നിട്ട ഗർഭധാരണങ്ങൾ അബോർഷൻ നടത്താൻ സാധിക്കില്ല. കോടതി അനുമതിയുണ്ടങ്കിൽ മാത്രമേ അത് സാധിക്കൂവെന്നിരിക്കെയാണ് ഈ എട്ട് കേസുകളും ഹൈക്കോടതിയിലെത്തിയത്. അല്ലെങ്കിൽ ഗർഭാവസ്ഥയുടെ തുടർച്ച അമ്മയുടെ ജീവൻ അപകടമുണ്ടാക്കുമെന്നും അല്ലെങ്കിൽ ഗുരുതരമായ ശാരീരികമോ മാനസികമോ ആയ പ്രശ്നമുണ്ടാകുമെന്നോയുള്ള റിപ്പോർട്ട് വേണം. ജനിക്കുന്ന കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ അസാധാരണതകൾ ഉൾപ്പെടെ കാര്യമായ അപകടസാധ്യതയുണ്ടെങ്കിലും ഗർഭധാരണം അവസാനിപ്പിക്കൽ അനുവദനീയമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ പരിഗണിച്ചാണ് കോടതി എട്ട് കേസിലും അനുമതി നൽകിയത്.