CovidLatest NewsNationalNews

‘അദ്ദേഹത്തിനൊരു കിടക്ക നല്‍കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവെച്ച്‌ അ​ദ്ദേഹത്തെ കൊന്നു കളഞ്ഞേക്കൂ’

മുംബൈ: കൊവിഡ് ബാധിച്ച്‌ അവശനായ പിതാവിന് വൈദ്യസഹായം ആവശ്യപ്പെട്ട് ഹൃദയം തകരുന്ന അഭ്യര്‍ത്ഥനയുമായി മകന്‍. ‘അദ്ദേഹത്തിനൊരു കിടക്ക നല്‍കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവെച്ച്‌ അ​ദ്ദേഹത്തെ കൊന്നു കളഞ്ഞേക്കൂ’ എന്നാണ് ചന്ദ്രപൂര്‍ സ്വദേശിയായ കിഷോര്‍ നഹര്‍ഷെട്ടിവര്‍ എന്ന യുവാവിന്റെ അഭ്യര്‍ത്ഥന. മഹാരാഷ്ട്രയിലും തെലങ്കാനയിലുമുള്ള നിരവധി ആശുപത്രികളിലാണ് പിതാവിനെയും കൊണ്ട് ഈ യുവാവ് 24 മണിക്കൂറിനുള്ളില്‍ കയറിയിറങ്ങിയത്. എന്നാല്‍ കൊവിഡ് രോ​ഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് കുത്തനെയുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന് ഒരിടത്തും മതിയായ ആരോ​ഗ്യ സംവിധാനങ്ങളില്ല. ആശുപത്രികള്‍ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്.

‘പ്രായമായ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ആശുപത്രികളില്‍ കയറിയിറങ്ങി നടക്കുകയാണ്. ഒരു ആശുപത്രിയിലും ഒഴിവില്ല. ആദ്യം വറോറ ആശുപത്രിയില്‍ പോയി. അവിടന്ന് ചന്ദ്രപൂര്‍. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെല്ലാം നോക്കി. എങ്ങും കിടക്കകള്‍ ഒഴിവില്ല.’ കിഷോര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ‘പുലര്‍ച്ചെ ഒന്നരയോടെ തെലങ്കാന അതിര്‍ത്ത് കടന്നു. മൂന്നു മണിയോടെയാണ് ആശുപത്രിയില്‍ എത്തിയത്. അവിടെയും കിടക്കകളില്ല. പിന്നെ തിരിച്ചുപോന്നു. ഇപ്പോള്‍ ആംബുലന്‍സില്‍ പിതാവിനെ കിടത്തി ആശുപത്രിക്കു മുന്നില്‍ ക്യൂവിലാണ്.’ കിഷോര്‍ പറയുന്നു.

ആംബുലന്‍സിലെ ഓക്‌സിജന്‍ സൗകര്യം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കിഷോര്‍ ചൂണ്ടിക്കാണിച്ചു.’ഒന്നുകില്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ ഒരു കിടക്ക നല്‍കുക, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവച്ച്‌ കൊന്നുകളയുക. ഈ അവസ്ഥയില്‍ അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധ്യമല്ല.’ അധികൃതരോട് ഇതു മാത്രമേ പറയാനുള്ളൂവെന്ന് കിഷോര്‍ പറഞ്ഞു.

തിങ്കളാഴ്ച 24 മണിക്കൂറില്‍ ചന്ദ്രപൂരില്‍ 850 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആറ് പേര്‍ മരിച്ചു. 6953 കേസുകളാണ് സജീവമായിട്ടുളളത്. കൊവിഡ് ബാധ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സ്ഥിതിഗതികള്‍ വഷളായതോടെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചതായി താക്കറെ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button