കൊവിഡ്-19 വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും എത്തിയോ ?. നാഗ്പൂർ സ്വദേശിയിൽ സംശയം.

ലക്നൗ / യു.കെയിൽ കണ്ടെത്തിയതായി പറഞ്ഞിരിക്കുന്ന കൊവിഡ്-19 വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും എത്തിയതായി സംശയിക്കുന്നു. യു.കെയിൽ നിന്ന് ഇന്ത്യയിലെത്തിയ നാഗ്പൂർ സ്വദേശിയായ 28കാരനിൽ കണ്ടെത്തിയ രോഗാണു പുതിയ വകഭേദം സംഭവിച്ചതാണോയെന്നാണ് ആരോഗ്യവിദഗ്ധർ സംശയിക്കുന്നത്. നാഗ്പൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
നവംബർ മാസം 29 ന് ഇന്ത്യയിലേക്കെത്തിയ നാഗ്പൂർ സ്വദേശി എയർപോർട്ടിൽ വച്ച് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് രോഗബാധ കണ്ടെത്താനായില്ല. പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ ഇയാൾ തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് പറയുകയായിരുന്നു.. തുടർന്ന് ഡിസംബർ 15ന് ഇയാളിൽ നടത്തിയ ആർ ടി-പിസിആർ രോഗപരിശോധനയിലാണ് രോഗം കണ്ടെത്തുന്നത്.
അതേസമയം കൊവിഡ് വൈറസിന്റെ പുതിയ വകഭേദം തന്നെയാണോ ഇയാളിൽ കണ്ടെത്തിയതെന്ന കാര്യം തീർച്ചപ്പെടുത്താൻ സാധിക്കില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടായ ഡോ. അവിനാശ് ഗവാൻഡെ പറയുന്നത്. താരതമ്യേന ചെറിയ രോഗലക്ഷണങ്ങളാണ് ഇയാൾക്കുള്ളതെന്നും ഡോക്ടർ പറയുന്നു. ഇയാളുടെ ഡോക്ടർമാർ സ്വാബ് സാമ്പിൾ പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ രോഗബാധിതനെ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ കുടുംബത്തിൽ നിന്നുമുള്ള മൂന്ന് മുതൽ നാല് പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവർ നിലവിൽ നിരീക്ഷണത്തിലാണ്.