മഹേഷ് നാരായണന്‍ കുറച്ച് സത്യസന്ധത കാണിക്കാമായിരുന്നു, മാലിക് സിനിമയെ വിമര്‍ശിച്ച് ടി.എന്‍.പ്രതാപന്‍ എംപി
തിരുവനന്തപുരം: കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ തന്റെ ഭാവനയും കൂടി ചേര്‍ത്ത് മഹേഷ് നാരായണന്‍ എന്ന സംവിധായകന്റെ മികവില്‍ നിര്‍മ്മിച്ച മാലിക് സിനിമ.
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ന്യൂനപക്ഷ സമുദായ ജീവിതങ്ങളയാണ് മാലിക് നമ്മുക്ക് കാണിച്ചു തരുന്നത്. പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ മാലികില്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയമികവും കാണാം. കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എംപി സിനിമയ്ക്കും സംവിധായകനും എതിരെ ഉയര്‍ത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സിനിമ ഒരു കലയാണ്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട വിഷയവുമാണ്. ഇതെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെ പറയട്ടെ, മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു. ‘മാലിക്’ ഒരു ഭാവനാസൃഷ്ടിയാണ്. ഇതിന് ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധമൊന്നുമില്ല എന്ന വിശദീകരണം ഇപ്പോള്‍ നിലനില്‍ക്കുന്നതല്ല. അതിന്റെ കാരണം, ഒന്ന് സിനിമയിലെ പ്രതിനിധാനങ്ങളാണ്. മറ്റൊന്ന് മഹേഷിന്റെ തന്നെ വാക്കും: കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ‘മാലിക്.’
റമദാപള്ളി വെടിവപ്പ് ബീമാപ്പള്ളി വെടിവപ്പായി വായിക്കപ്പെടുകയാണ്. ഭാഷയുടെ, ദൃശ്യതയുടെ സാധ്യതകള്‍ മഹേഷിന് അറിയാം. സിനിമ അതെത്ര ആഴത്തില്‍ ഫലിപ്പിക്കും എന്നതിനെ പറ്റിയും മഹേഷിന് നല്ല ബോധ്യമുണ്ട്. ബീമാപ്പള്ളി വെടിവപ്പ് എന്ന ഭരണകൂട ഭീകരതയുടെ ഏടുകളിലേക്ക് കേരളം മുഴുവന്‍ തിരിഞ്ഞു നടക്കുന്നുണ്ട് ഇപ്പോള്‍. അവിടെ അധികാരബിംബം കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷണന്‍ ആഭ്യന്തര മന്ത്രിയായ ഇടത് സര്‍ക്കാരാണ് ബീമാപ്പള്ളി വെടിവപ്പ് നടത്തിയത്.
ഓര്‍മകള്‍ വീണ്ടെടുക്കപ്പെടുന്നു എന്നത് വലിയ കാര്യമാണല്ലോ. വിപരീത ഫലത്തിനാലാണെങ്കിലും മഹേഷിന്റെ സിനിമ അതിന് നിമിത്തമാകുന്നു. മഹേഷിന്റെ ‘മാലിക്’ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനോ വിരല്‍ചൂണ്ടാനോ തയാറാവാത്തത് എന്തുകൊണ്ടായിരിക്കും! ഇപ്പോള്‍ ബോളിവുഡില്‍ നടക്കുന്ന പ്രൊപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാവില്ലേ ഇത്തരം സിനിമാ ശ്രമങ്ങള്‍! ഇടത് സങ്കേതങ്ങള്‍ പുലര്‍ത്തുന്ന ഇസ്ലാംപേടിയുടെ, മുന്‍ധാരണകളുടെ, വാര്‍പ്പു നിര്‍മിതികളുടെ നിരവധിയായ പ്രതിഫലനങ്ങള്‍ ‘മാലിക്’ കാണിക്കുന്നു.
വില്ലന്റെ പാര്‍ട്ടി, കൊടി, പേര്, പാര്‍ട്ടി ഓഫിസിലെ ചിത്രങ്ങള്‍, സുനാമി കാലത്ത് മതം നോക്കി പടിയടക്കുന്ന പള്ളിക്കമ്മിറ്റി, ആയുധം-അക്രമം- അധികാര വിതാനം- ഇതിലെ ഗള്‍ഫ് പണത്തിന്റെ സ്വാധീനം എന്നിങ്ങനെ അനവധിയുണ്ട് എണ്ണാന്‍.
‘മാലിക്’ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത് കാണുമ്പോള്‍ മലയാള സിനിമയെ ഓര്‍ത്ത് അഭിമാനവും അതിലെ പ്രതിനിധാനങ്ങള്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഓര്‍ത്ത് നിരാശയും പരക്കുന്നു. ഇതായിരുന്നു എം.പി യുടെ വിമര്‍ശനം