BusinessCrimeGulfKerala NewsLatest NewsNews

കോവിഡിനെ മുതലാക്കി കേരളത്തിലേക്ക് വൻതോതിൽ സ്വർണ്ണ കള്ളക്കടത്ത്.

കോവിഡിനെ മുതലാക്കി കേരളത്തിലേക്ക് വൻതോതിൽ സ്വർണ്ണ കള്ളക്കടത്ത്. ചാർട്ടേഡ് വിമാനങ്ങൾ വഴിയാണ് സ്വർണ്ണ കള്ളക്കടത്ത് തകൃതിയായി നടക്കുന്നത്. ഞായറാഴ്ച നടന്ന സ്വർണ്ണ വേട്ടക്ക് പുറമെ തിങ്കളാഴ്‌ചയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന സ്വർണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ കണ്ണൂർ സ്വദേശി ജിതിനില്‍ നിന്ന് ആണ് സ്വർണ്ണം പിടിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വർണം ജിതിൽ കൊണ്ടുവന്നത്. സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിലാണ് ജിതിൻ എയർപോർട്ടിൽ ഇറങ്ങുന്നത്. വിപണിയില്‍ 30 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഒരു കോടി എട്ട് ലക്ഷം രൂപ വില മതിക്കുന്ന കള്ളക്കടത്ത് സ്വർണ്ണമാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ നാല് യാത്രക്കാരിൽ നിന്നായി 2652 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇവരിൽ മൂന്നുപേരും അടി വസ്ത്രങ്ങളിൽ കുഴമ്പു രൂപത്തിലാക്കിവെച്ചാണ് സ്വർണ്ണം കടത്തി കൊണ്ട് വന്നത്.
കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണം പിടികൂടുകയുണ്ടായി. ഇവരെല്ലാം ഒരു സംഘമാണോ എന്ന അന്വേഷണം നടന്നു വരുകയാണ്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തെത്തുടർന്നു ഏർപ്പാടാക്കുന്ന ചാർട്ടേഡ് വിമാനങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താൻ കള്ളക്കടത്ത് ലോബി സജീവമായി രംഗത്ത് വന്നിരിക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്വർണ്ണ വേട്ടകൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ പരിശോധന കര്‍ശനമാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുകയാണ്.

യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് ഞായറാഴ്ച കരിപ്പൂരില്‍ സ്വർണ്ണവുമായി പിടികൂടിയത്. കടത്തി കൊണ്ട് വന്ന സ്വര്‍ണത്തിന് 81 ലക്ഷം രൂപ വില വരും. ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയിലെ യാത്രക്കാരൻ ജിത്തുവിനെ 1153 ഗ്രാം സ്വർണവുമായാണ് കസ്റ്റംസ് പിടികൂടിയത്. മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ജിത്തു സ്വർണം കടത്തി കൊണ്ട് വന്നത്. ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ എത്തിയ മറ്റു മൂന്ന് യാത്രക്കാരും സ്വർണവുമായി പിടിയിലായിരുന്നു. മൂന്ന് പേരിൽ നിന്നായി മിശ്രിത രൂപത്തിലാക്കിയ ഒന്നേകാൽ കിലോ സ്വർണം ആണ് കസ്റ്റംസ് പിടിച്ചത്. തലശ്ശേരി സ്വദേശികളായ നസിഫുദ്ധീനിൽ നിന്നും 288 ഗ്രാമും, ഫഹദില്‍ നിന്നും 287 ഗ്രാമും, കണ്ണൂർ പാനൂർ സ്വദേശി ബഷീറിൽ നിന്നും 475 ഗ്രാമും, കസ്റ്റംസ് പിടികൂടുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button