കോവിഡ് പരിശോധന കേരളത്തിൽ അഞ്ച് മടങ്ങ് കൂട്ടി.

കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ പരിശോധന അഞ്ച് മടങ്ങ് ആണ് കേരളത്തിൽ വർധിപ്പിച്ചിരിക്കുന്നത്. ദിവസവും ആയിരത്തിൽ താഴെ സാമ്പിളാണ് പരിശോധിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 5000 പേരിൽ പരിശോധന നടത്തുന്നു. കൂടുതൽ രോഗികളുള്ള പാലക്കാടാണ് ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത്. വ്യാഴാഴ്ചവരെയുള്ള കണക്ക് പ്രകാരം 12,499 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. മറ്റ് ജില്ലകളിൽനിന്ന് അയച്ച സാമ്പിൾ, ലഭ്യമായ ഫലം എന്ന ക്രമത്തിൽ: തിരുവനന്തപുരം–- 9976 (9726), പത്തനംതിട്ട 10276 (9780), കാസർകോട്–- 9336 (8771), കണ്ണൂർ–- 9743 (9101), കോഴിക്കോട്–- 7858 (7741), ഇടുക്കി–- 6369 (6030), കോട്ടയം–- 6054 (5442), കൊല്ലം–- 6103 (5562), മലപ്പുറം–- 5609 (4894), വയനാട്–- 5433 (4132), തൃശൂർ–- 4498 (3518), ആലപ്പുഴ–- 4305 (4105).
നിരീക്ഷണത്തിൽ ഉള്ളവരുടെയും രോഗലക്ഷണം ഉള്ളവരുടെയും ആർടി പിസിആർ പരിശോധന, മുൻഗണനാ വിഭാത്തിൽനിന്നുള്ളവരുടെ റാൻഡം സ്രവ പരിശോധന, സിബി നാറ്റ്, ട്രൂ നാറ്റ്, ജീൻ എക്സ്‌പെർട്ട് സാങ്കേതികവിദ്യകൾ അനുസരിച്ചുള്ള പരിശോധന എന്നിവയാണ് പ്രധാനമായും നടക്കുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിൽനിന്നുള്ളവരുടെ സാമ്പിളുകൾ പൂൾ ടെസ്റ്റിനും വിധേയമാക്കുന്നു. സാമൂഹ്യ വ്യാപനം കണ്ടെത്താനുള്ള ആന്റിബോഡി പരിശോധനയും പുരോഗമിക്കുന്നു. ജില്ലകളിൽനിന്ന് അയക്കുന്ന സാമ്പിളുകളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞമാസംവരെ 100 മുതൽ 150 സാമ്പിൾവരെ ദിവസം അയച്ചിരുന്ന കോട്ടയത്തുനിന്ന് വ്യാഴാഴ്ച 256 സാമ്പിൾ അയച്ചു. പല വിഭാഗങ്ങളായി തിരിച്ചുള്ള പരിശോധനകൾ നടക്കുന്നതിലുള്ള കാലതാമസം പരിഹരിക്കാൻ കൂടുതൽ പരിശോധനാകേന്ദ്രങ്ങൾ സജ്ജമാക്കും.
22 സർക്കാർ ലാബ് ഉൾപ്പെടെ 34 ഇടത്താണ് സംഥാനത്ത് ഇപ്പോൾ രോഗനിർണയ സൗകര്യമുള്ളത്. കഴിഞ്ഞ ദിവസം ആർടി പിസിആർ പരിശോധനയ്‌ക്ക് അനുമതി ലഭിച്ച തിരുവനന്തപുരം ഐസർ ഉൾപ്പെടെയാണിത്. പാലക്കാട് മെഡിക്കൽ കോളേജിലും ഉടൻ പുതിയ ലാബ് സജ്ജമാവുകയാണ്.