
ലോക്ക് ടൗണിനു ശേഷം സമ്പൂർണ ഇളവിലേക്ക് രാജ്യം നീങ്ങാനൊരുങ്ങുമ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയേയും മറികടന്നു ലോകപട്ടികയിൽ ആറാമതായി. മൂന്നു ദിവസത്തിനുള്ളിൽ ഒമ്പതിനായിരത്തിലേറെ രോഗികളും 250ലേറെ മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ട ഇന്ത്യ, പ്രതിദിനം ഉള്ള രോഗികളുടെയും മരണത്തിന്റെയും കാര്യത്തിൽ ലോകത്ത് തന്നെ മൂന്നാമതാണ്. ഇപ്പോൾ ബ്രസീലും അമേരിക്കയും മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് മുന്നിൽ.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2.35 ലക്ഷം കവിഞ്ഞു. മരണം ആകട്ടെ 6600 ലേറെയായി. ജൂണിലെ ആദ്യ അഞ്ചുദിവസങ്ങളിൽ 45000 ലേറെ കേസുകളും 1200 ലേറെ മരണവും ഉണ്ടായി. കഴിഞ്ഞ മൂന്നു ദിവസംമാത്രം 29000 കേസും എണ്ണൂറോളം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. 24 മണിക്കൂറിനകം 9851 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 273പേർ മരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകളും മരണവും ആദ്യമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ കാലയളവിൽ 5355 പേർ രോഗമുക്തരായതാന് തെല്ലൊരു ആശ്വാസം. രോഗമുക്തി നിരക്ക് 48.27 ശതമാനം. ഇതുവരെ 1,09462 പേർ രോഗമുക്തരായി. പൊതുജനാരോഗ്യ സംവിധാനം തീർത്തും ദുർബലമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോവിഡ് പടരുന്നത് ആരോഗ്യപ്രവർത്തകരിൽ തീർത്തും ആശങ്ക സൃഷ്ടിക്കുകയാണ്.