‘കേരളത്തിലെ ദൈവങ്ങൾ കടുത്ത മതേതരവാദികൾ’; തിരഞ്ഞെടുപ്പ് ഫലത്തിൽ മിഥുൻ മാനുവൽ തോമസ്
വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം ഭരണം തിരിച്ചുപിടിക്കുന്ന കേരളത്തിലെ വോട്ടെണ്ണൽദിനത്തിൽ പ്രതികരണവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ശബരിമല പ്രചരണ വിഷയമായി ഉയർത്തിക്കാട്ടിയ യുഡിഎഫിനും ബിജെപിക്കും മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നതിനെ പാർട്ടികളുടെ പേര് പരാമർശിക്കാതെ മിഥുൻ വിലയിരുത്തുന്നുണ്ട്.
“കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികൾ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവർക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോൻ പറഞ്ഞപോലെ ‘എഡ്യൂക്കേക്കേഷൻ പ്രാഞ്ചി, എഡ്യൂക്കേഷൻ’..!!”, മിഥുൻ മാനുവൽ തോമസ്.
അതേസമയം നാല് പതിറ്റാണ്ടിനു ശേഷം ആദ്യമായി ഒരു മുന്നണി ഭരണത്തുടർച്ച നേടുന്നതിൻറെ കാഴ്ചയാണ് കേരളത്തിൽ. നൂറിലും തൊട്ടുതാഴെയുമായി നിൽക്കുകയാണ് എൽഡിഎഫ് ലീഡ് എങ്കിൽ 40-41 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനോ ലീഡ് നേടാനോ സാധിച്ചിട്ടുള്ളത്. ആകെയുണ്ടായിരുന്ന നേമവും ബിജെപിയെ കൈവിട്ടു. വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ നേമം, തൃശൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികളായിരുന്നു മുന്നിലെങ്കിൽ പിന്നീട് അത് മാറിമറിഞ്ഞു. ഏറെ റൗണ്ടുകളിൽ മുന്നിൽ നിന്നിരുന്ന ഇ ശ്രീധരനെ പരാജയപ്പെടുത്തി യുഡിഎഫിൻറെ ഷാഫി പറമ്പിൽ 3863 വോട്ടുകൾക്കാണ് വിജയിച്ചിരിക്കുന്നത്. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ലീഡ് എന്നതും ശ്രദ്ധേയമാണ്.