ക്ലാസ്സെടുക്കാന്‍ ഫോണില്ല, സിഗ്‌നലില്ല; ഒട്ടകപ്പുറത്ത് കയറി അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകളിലേക്ക്…
ജയ്പൂര്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജീവമാകുമ്പോള്‍, രാജസ്ഥാനിലെ ബാര്‍മറില്‍ ഒട്ടകങ്ങളുടെ പുറത്ത് സഞ്ചരിച്ച് അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകളിലെത്തി ക്ലാസ്സെടുക്കുന്നു. പ്രദേശത്തെ മൊബൈല്‍ സിഗ്‌നലുകള്‍ പരിമിതമായതു കൊണ്ടും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണില്ലാത്തത് കൊണ്ടുമാണ് അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകളിലെത്തി ക്ലാസ്സെടുക്കുന്നത്. തീര്‍ത്തും മരുഭൂമി പ്രദേശമായ ബാര്‍മറിന്റെ പലഭാഗങ്ങളിലും ഒട്ടകങ്ങളുടെ പുറത്തേറിയാണ് അധ്യാപകര്‍ എത്തിച്ചേരുന്നത്.
75 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഫോണ്‍ സൗകര്യം ഇല്ലെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിഗ്‌നല്‍ കുറവായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടങ്ങുന്നത് പതിവായ കാഴ്ചയാണ്. ഇതേ തുടര്‍ന്ന് നിശ്ചിത ദിവസങ്ങളില്‍ അധ്യാപകര്‍ വീടുകളിലെത്തി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേരുകയായിരുന്നുവെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സൗരവ് സ്വാമി വ്യക്തമാക്കി.
ഒന്ന് മുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസവും ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ളവര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസവുമാണ് ഇത്തരത്തില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്.
ഈ ഒരു സാഹചര്യത്തിലും വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന അധ്യാപകരെ നിരവധി പേര്‍ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അധ്യാപരോട് ആദരവും നന്ദിയും അറിയിച്ചതിനൊപ്പം ഈ സംവിധാനം തുടരണമെന്നും ഭീംതാലിലെ ഗവണ്‍മെന്റ് ഹയര്‍ സീനിയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപ് സിങ് ജാകഡ് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടങ്ങുന്നത് പതിവായതോടെയാണ് ഈ തീരുമാനമെടുത്തത്.