പൊരുതാമായിരുന്നില്ലേ നിനക്ക്,ചങ്ങാതിയെ ഓര്‍ത്ത് ട്രാന്‍സ്‌ജെന്‍ഡറും മോഡലും കൂടിയായ വൈഗ സുബ്രഹ്മണ്യം

കണ്ണൂര്‍: കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സ്‌നേഹ തീകൊളുത്തി ആത്മഹത്യ ചെയ്തത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് സ്നേഹയുടെ മരണം. ഇപ്പോള്‍ പ്രിയപ്പെട്ട ചങ്ങാതിയെ ഓര്‍ത്ത് ട്രാന്‍സ്‌ജെന്‍ഡറും മോഡലും കൂടിയായ വൈഗ സുബ്രഹ്മണ്യം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്.
വൈഗയുടെ കുറിപ്പ്,
പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍. പൊരുതാമായിരുന്നില്ലേ നിനക്ക്. നമ്മളെ കൊലപ്പെടുത്താനും കുത്തി നോവിക്കാനും പരിഹസിക്കാനും ചതിക്കാനും വഞ്ചിക്കാനും ഇനിയും ഈ ലോകം അവസരങ്ങള്‍ കാത്തിരിക്കും. പക്ഷേ തളരാതെ മുന്നോട്ട് പോകാമായിരുന്നില്ലേ.. പിന്നില്‍ നിന്ന് കുത്തുന്നവര്‍ക്ക് അറിയില്ലല്ലോ അവര്‍ പിന്നിലും നമ്മള്‍ മുന്നിലും ആണെന്ന് .
നമ്മള്‍ പൊരുതുന്നത് നിലവിലെ വ്യവസ്ഥയോടാണ്. ഷാലുവിനെ കൊന്നത് ഒരു വ്യക്തി ആയിരുന്നെങ്കില്‍ നിന്നെ കൊലയ്ക്ക് കൊടുത്തത് ഇവിടുത്തെ ജീര്‍ണ്ണിച്ച വ്യവസ്ഥിതി ആണ്. കണ്ണീരില്‍ കുതിര്‍ന്ന വിടയാണെങ്കിലും. മനസ്സില്‍ ഒരായിരം അഗ്‌നിനാളങ്ങള്‍ ആളിക്കത്തുകയാണ്. നാളത്തെ ലോകം നമുക്കുള്ളതാണ്.. തീര്‍ച്ച..