തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ട്ടപെട്ടു, ട്രംപ് കോടതിയിൽ.

വാഷിംഗ്ടണ്‍ ഡിസി/ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. തപാൽ വോട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ച ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. ട്രംപ് കോടതിയെ സമീപിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്ന് ഉറപ്പായി. നിലവിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിനരികെയാണ്. 538 അംഗ ഇലക്ടറൽ കോളജിൽ ബൈഡൻ 264 എണ്ണം ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു ബൈഡന്റെ മുന്നേറ്റം നീളുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ. നെവാഡ കൂടി കൈയ്യിലായാൽ ബൈഡന്റെ കൈകളിൽ പ്രസിഡണ്ട് കസേര എത്തുകയാണ്. ആറ് ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനാണ് മുന്നേറ്റം നടത്തിയിരുന്നത്. ഇതുകൂടി ലഭിച്ചാൽ ബൈഡനു പ്രസിഡന്റ് കസേര ഉറപ്പാവുകയാണ്.