
ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിൽ അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ കത്രയിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ചലനവും ഉണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതാണ് ഈ വിവരം. ഭൂചലനങ്ങളിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഭൂചലനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രി 8.13 ന് ഗുജറാത്തിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രാജ്കോട്ടിന് 122 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭുജിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
ഭൂചലനം അനുഭവപ്പെട്ടതോടെ പലരും കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കു ഇറങ്ങി ഓടി. മിക്ക സ്ഥലങ്ങളിലും ആളുകൾ പുറത്തുതന്നെ നിൽക്കുകയാണ്. രാത്രിയിൽ തുടർചലങ്ങൾ ഉണ്ടാകുമോ പരിഭ്രാന്തിയിലാണ് ജനങ്ങൾ. ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ട് 30 മിനിറ്റിനുള്ളിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ചലനം ജമ്മു കശ്മീരിൽ ഉണ്ടാവുകയായിരുന്നു കത്രയിൽ നിന്ന് 90 കിലോമീറ്റർ കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 2001 ജനുവരി 26 ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുജറാത്തിൽ വൻ നാശം വിതച്ചിരുന്നു. 20,000 ത്തിലധികം പേർ കൊല്ലപ്പെടുകയും 1.5 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.