Kerala NewsLatest News

ബിഷപ്പ് പറഞ്ഞത് ഗൗരവമുള്ളകാര്യം, ക്രൈസ്തവ വോട്ട് വാങ്ങുന്നവര്‍ക്ക് മനഃസാക്ഷിയില്ല- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വസ്തുത മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരു പറഞ്ഞു എന്നല്ല എന്താണ് പറഞ്ഞത് എന്നതാണ് പ്രധാനം. പാല ബിഷപ്പിന്റെ വാക്കുകള്‍ ഇരു മുന്നണികളും ചര്‍ച്ചയ്ക്ക് എടുക്കാന്‍ പോലും തയാറാവുന്നില്ല. ബിഷപ്പ് പറഞ്ഞത് അവരുടെ സമുദായം നേരിടുന്ന ഒരു ഭീഷണിയെ പറ്റിയാണ്. ആ ആശങ്ക ചര്‍ച്ച ചെയ്യാത്തത് എന്താണ് എന്നതാണ് പ്രശ്‌നം. സഭകളുടേയും ക്രൈസ്തവ സമൂഹത്തിന്റേയും വോട്ട് വാങ്ങി ജയിച്ചവര്‍ അല്‍പമെങ്കിലും മനസാക്ഷി കാണിക്കണം.

ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പിനും ബിജെപി തയാറല്ല. എന്നാല്‍, സംസാരിക്കുന്നവരുടെ നാവ് അരിയാമെന്ന് ആരും വിചാരിക്കേണ്ട. ഈരാറ്റുപേട്ടയില്‍ നിന്ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ പാലയിലെത്തി ബിഷപ്പിനെ അടക്കം വെല്ലുവിളിക്കുന്നത് ബിജെപി നോക്കിയിരിക്കില്ല. ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തിരിച്ചടി നേരിടേണ്ടി വരും. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ് ഓര്‍മപ്പെടുത്തിയാണ് പല സംഘങ്ങളും ഇപ്പോഴും തങ്ങള്‍ക്കെതിരേ സംസാരിക്കുന്നവരെ വിരട്ടുന്നത്. ഇനി അതു വിലപ്പോവില്ലെന്നും സുരേന്ദ്രന്‍. അരാജകത്വത്തിലേക്ക് ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ മുന്നോട്ടുപോകുന്നു എന്ന സന്ദേശം വളരെ മോശമാണ്. കേരളത്തില്‍ അതു തടയപ്പെടുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button