ഇന്ത്യക്കായി ഡൽഹി മുഖ്യമന്ത്രി സംസാരിക്കേണ്ട; സിംഗപ്പൂർ പരാമർശത്തിനെതിരെ കേജരിവാളിന് കേന്ദ്രത്തിൻറെ വിമർശനം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൻറെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻറെ പരമാർശത്തിനെതിരേ കേന്ദ്ര സർക്കാർ. ഇന്ത്യക്കായി കേജരിവാൾ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
കോവിഡിനെതിരേ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. ലോജിസ്റ്റിക് ഹബ്, ഓക്സിജൻ വിതരണം എന്നീ നിലകളിൽ സിംഗപ്പൂരിൻറെ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
നേരത്തേ, കോവിഡ് രണ്ടാം തരംഗത്തിൻറെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന കേജരിവാളിൻറെ പരമാർശത്തിനെ തള്ളി സിംഗപ്പൂരിൻറെ ആരോഗ്യമന്ത്രാലയം രംഗത്ത് എത്തിയിരുന്നു. സിംഗപ്പൂരിൽ നിന്നുള്ള വിമാനയാത്രക്കാർ വഴിയാണ് രോഗം ഇന്ത്യയിലെത്തിയതെന്നാണ് കേജരിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ഇക്കാര്യത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി സിംഗപ്പൂർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രി കേജരിവാളിനെ വിമർശിച്ച് രംഗത്തെത്തിയത്.