ജീവിതത്തില്‍ ഒറ്റക്കായിപ്പോയ അച്ഛനെ വിവാഹം കഴിപ്പിച്ച് മകള്‍
ജീവിതപങ്കാളി മരിച്ചാല്‍ ശേഷിച്ച കാലം മക്കള്‍ക്ക് വേണ്ടി ജീവിക്കുകയാണ് പലരും ചെയ്യുന്നത്. മക്കളുടെ വിവാഹശേഷം അവര്‍ വീണ്ടും ഒറ്റക്കാവുകയും ചെയ്യും. എന്നാല്‍ മാതാപിതാക്കളുടെ പുണ്യമെന്ന് വിശേഷിപ്പിക്കാവുന്ന ചില മക്കളുണ്ട്. അച്ഛനെയും അമ്മയെയും തനിച്ച് വിടാതെ അവര്‍ക്കൊരു കൂട്ടൊരുക്കി കൊടുക്കുന്നവര്‍. അങ്ങനെ അമ്മയെയും അച്ഛനെയും വിവാഹം കഴിപ്പിച്ചയച്ച മക്കളുടെ കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്.
അതിഥി എന്ന മകളും ചെയ്തത് അത് തന്നെയാണ.് അമ്മയുടെ മരണശേഷം തനിച്ചായിപ്പോയ പിതാവിനെ വീണ്ടും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് അതിഥി. ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിച്ചു കഴിയുന്ന 71 കാരനായ അച്ഛനെയാണ് അതിഥി വീണ്ടും വിവാഹം കഴിപ്പിച്ചത്. ഭര്‍ത്താവ് മരിച്ച ഒരു വിധവയെയാണ് ഇദ്ദേഹം കൂടെക്കൂട്ടിയത്.
” ഇത് എന്റെ 71 വയസ്സുള്ള അച്ഛനാണ്, 5 വര്‍ഷക്കാലം അദ്ദേഹം തനിച്ചായിരുന്നു. ഇപ്പോള്‍ ഒരു വിധവയെ അദ്ദേഹം വിവാഹം കഴിച്ചു. ആരും ഏകാന്തത അനുഭവിക്കേണ്ടവരല്ല” വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് അതിഥി കുറിച്ചു. അച്ഛനെ വിവാഹം കഴിപ്പിച്ച അതിഥിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. എല്ലാ അച്ഛന്‍മാര്‍ക്കും അതിഥിയെപ്പോലൊരു മകള്‍ വേണമെന്നും ദമ്പതികള്‍ ആയുരാരോഗയ സൌഖ്യം നേരുന്നതായും ചിലര്‍ കുറിച്ചു.