ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം ഡോളര് ഇനാം പ്രഖ്യാപിച്ച് എഫ്ബിഐ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ടേണിംഗ് പോയിന്റ് യുഎസ്എയുടെ സിഇഒയുമായ ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കായുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ദൃശ്യങ്ങളും പുറത്തുവിട്ടു. യൂട്ടാ വാലി സർവകലാശാല കെട്ടിടത്തിന്റെ മേൽക്കൂരയിൽകൂടി പ്രതി ഓടുന്നതും തുടർന്ന് തോക്ക് കണ്ടെത്തിയ വനപ്രദേശത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയെ കണ്ടെത്താൻ സഹായിക്കണമെന്ന് യൂട്ടാ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യൂട്ടാ വാലി സർവകലാശാലയിലെ ഒരു പരിപാടിക്കിടെ ബുധനാഴ്ചയാണ് ചാർളി കിർക്കിന് കഴുത്തിൽ വെടിയേറ്റത്. സർവകലാശാല കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് വെടിയുതിർന്നതെന്ന് അന്വേഷണം സൂചിപ്പിക്കുന്നു.
പ്രതിയുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. കറുത്ത ബാക്ക്പാക്ക് ബാഗും അമേരിക്കൻ പതാക അച്ചടിച്ച ഷർട്ട് ധരിച്ചുമാണ് ഇയാളെ ദൃശ്യങ്ങളിൽ കാണുന്നത്.
31 കാരനായ കിർക്ക് അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിൽ പ്രാധാന്യമാർജിച്ച നേതാവായിരുന്നു. യുവാക്കളെ ഡോണൾഡ് ട്രംപിന്റെ പക്ഷത്തേക്ക് ആകർഷിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. യുഎസിൽ തോക്ക് കൈവശം വയ്ക്കാനുള്ള അവകാശത്തെ തുറന്നുപിന്തുണച്ചിരുന്ന നേതാവുമായിരുന്നു.
സംഭവത്തെ കുറിച്ച് പ്രതികരിച്ച എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പ്രതിയെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ചാർളി കിർക്ക് യുവാക്കളുടെ മനസ്സിൽ ഇടം നേടിയ നേതാവാണെന്ന് ഡോണൾഡ് ട്രംപ് അനുശോചിച്ചു.
Tag: FBI offers $100000 reward for information leading to arrest of suspect in Charlie Kirk murder