CinemaLatest NewsMovieNationalUncategorized

സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണ് സ്ത്രീകൾ’; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെക്കുറിച്ച്‌ ഡി.വൈ.ചന്ദ്രചൂഢ്

ജിയോ ബേബി ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചിത്രത്തെ കുറിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ലൈവ് ലോ സംഘടിപ്പിച്ച വെബിനാറിലാണ് ജസ്റ്റിസ് സിനിമയെ കുറിച്ച്‌ സംസാരിച്ചത്.

സംവിധായകൻ ജിയോ ബേബിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ചരിത്രപരമായ വിധിന്യായം എഴുതിയ ന്യായാധിപന്റെ വാക്കുകൾ ഞങ്ങളിൽ അഭിമാനം ഉളവാക്കുന്നു എന്നാണ് ജസ്റ്റിസിന്റെ വാക്കുകൾ പങ്കുവെച്ച്‌ ജിയോ കുറിച്ചത്. ജിയോ ബേബിയുടെ സുഹൃത്ത് സുജിത്ത് ചന്ദ്രനാണ് ജസ്റ്റിസിന്റെ വാക്കുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകൾ:

‘2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന മലയാള സിനിമ ഞാൻ അടുത്തിടെ കണ്ടു. ഭർതൃഗൃഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം.

സിനിമയുടെ രണ്ടാം പകുതിയിൽ വീട്ടിലെ പുരുഷൻമാർ ഒരു തീർത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാർഹിക, പാചക ജോലികളിലേക്ക് നിർബന്ധപൂർവം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങൾ, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തിരഞ്ഞെടുക്കുന്നതിൽ നിന്ന് അവൾ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവൾ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും.

സുപ്രീംകോടതി വിധിന്യായത്തെ പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായി ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവെയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടു പോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ.

ഇത് ഒരു ഓർമ്മപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമ്മാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമ്മപ്പെടുത്തൽ. ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണ്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button