Kerala NewsLatest NewsNews

ചെറുവള്ളി എസ്റ്റേറ്റ് പണം നല്‍കി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയെന്ന് കെ.സുരേന്ദ്രന്‍.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കാതെ ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശംവച്ച് ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറിയ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം നല്‍കി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ശരിവക്കുകയും ചെയ്തിരുന്നു. വിമാനത്താവള നിര്‍മ്മാണത്തിനായി ഉപാധികളില്ലാതെ സര്‍ക്കാരിന് എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നിരിക്കെ ഇപ്പോള്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കി ഏറ്റെടുക്കാനുള്ള നീക്കം ഗൂഢാലോചനയാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

കോടതി ഉത്തരവുകൾ സർക്കാർ നടപ്പിലാക്കുകയാണ് വേണ്ടത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈമാറ്റം ചെയ്യാന്‍ ഹാരിസണ്‍ ഗ്രൂപ്പിന് അവകാശമില്ലെന്നിരിക്കെയാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറിയത്. ഈ കൈമാറ്റത്തിന് നിയമപരമായ പിന്‍ബലവും സംരക്ഷണവും ഇല്ല. വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ ഭൂമി കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടും, മറ്റു കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ കക്ഷിയേയല്ല. ആ സ്ഥിതിക്ക് ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കി ഭൂമി ഏറ്റെടുക്കേണ്ട ആവശ്യവുമില്ല. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റെ സ്വന്തം ഭൂമിയാണ്. നിയമപരമായി സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിക്ക് ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കാനുള്ള നീക്കം മറ്റു ചില ഉദ്ദശ്യങ്ങളൊടെയാണ്. സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button