ജനങ്ങളുടെ ആയുസും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ 28ം കോടി; കേരളത്തിന് വായ്പ അനുവദിച്ച് ഐഎംഎഫ്

സംസ്ഥാനത്തെ ജനങ്ങളുടെ ആയുസ്സും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 280 കോടി ഡോളർ (ഏകദേശം 2,458 കോടി രൂപ) വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നൽകി. സംസ്ഥാനത്തെ വയോധികരുടെയും ആരോഗ്യപരമായി ദുർബലരായവരുടെയും ആയുർദൈർഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്കായാണ് ഈ തുക അനുവദിച്ചത്.
സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രോഗികൾക്ക് വ്യക്തിഗത ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനങ്ങൾ വഴി ചികിത്സയും സുരക്ഷയും ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ (ഐ.ബി.ആർ.ഡി.) നിന്നുള്ളതാണ് ഈ വായ്പ. ഇതിന് 25 വർഷത്തെ കാലാവധിയും അഞ്ച് വർഷത്തെ ഗ്രേസ് പീരീഡുമുണ്ട്.
വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള ദുർബലരായ വയോജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വീടുകളിലെത്തി ചികിത്സ നൽകുന്ന സംവിധാനം ഇതിന്റെ ഭാഗമായി ഒരുക്കും. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന ഒരു സമഗ്ര ആരോഗ്യ സംവിധാനം നിർമ്മിക്കുമെന്നും ലോകബാങ്ക് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഇ-ഹെൽത്ത് സേവനം, വിവര ശേഖരണത്തിനായി സംയോജിത പ്ലാറ്റ്ഫോം, സൈബർ സുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ഡിജിറ്റൽ ഹെൽത്ത് സിസ്റ്റത്തെ വികസിപ്പിക്കും.
രക്തസമ്മർദ്ദ പരിശോധനയ്ക്ക് നിലവിലുള്ള സംവിധാനങ്ങളെ 40 ശതമാനത്തോളം ശക്തിപ്പെടുത്താനും സ്തനാർബുദ പരിശോധനകൾ 60 ശതമാനത്തോളം വർദ്ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ രോഗബാധിതരുടെ മരണനിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണ് ലോക ബാങ്കിന്റെ ഇന്ത്യയിലെ ആക്ടിംഗ് കൺട്രി ഡയറക്ടർ പോൾ പ്രോസി വ്യക്തമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജന്തുജന്യ രോഗവ്യാപനത്തെ വേഗത്തിൽ തടയാനും ശ്രമം നടത്തും. വയനാട്, കോഴിക്കോട്, കാസർഗോഡ്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനും, കടുത്ത ചൂടും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന രോഗബാധ തടയാൻ കാലാവസ്ഥാധിഷ്ഠിത പരിഹാരങ്ങൾ സ്വീകരിക്കുകയും ചെയ്യും.
Tag: IMF approves Rs 28 crore loan to Kerala to improve people’s life expectancy and quality of life



