ജപ്തി നോട്ടീസുകള്‍, കൊല്ലത്ത് കശുവണ്ടി വ്യവസായി കൂടി ജീവനൊടുക്കി.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലത്ത് നിര്‍മലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണ്‍ മത്തായി ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയില്‍ കടബാധ്യതയെത്തുടര്‍ന്ന് ജീവനൊടുക്കിയ അഞ്ചാമത്തെ കശുവണ്ടി വ്യവസായിയാണ് സൈമണ്‍ മത്തായി. നൂറു കണക്കിന് കശുവണ്ടി വ്യവസായികളാണ് നിലവിൽ ജപ്തി ഭീഷണി നേരിട്ട് വരുന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിൽ ബുധനാഴ്ച വൈകിട്ടോടെ സൈമണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സൈമണ്‍ ദിവസങ്ങളായി കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബാങ്കിൽ നിന്ന് നിരന്തരമായി വന്നുകൊണ്ടിരുന്ന ജപ്തി നോട്ടീസുകളാണ്സൈമനെ ആത്മഹത്യയുടെ മുന്നിൽ വരെ കൊണ്ട് ചെന്നെത്തിച്ചത്.
പിതാവിനോടൊപ്പം വര്‍ഷങ്ങളായി കശുവണ്ടി വ്യവസായം നടത്തി വന്നിരുന്ന സൈമണ്‍ മത്തായി കടുത്ത നഷ്ട്ടം വന്നതോടെ 2015 ല്‍ ഫാക്ടറി പൂട്ടിയിരുന്നു. നാലുകോടിയോളം രൂപയായിരുന്നു ഫാക്ടറി പൂട്ടുമ്പോൾ ഉണ്ടായിരുന്ന കടം. ബാങ്കുകളിൽ നിന്നും കടമെടുക്കാൻ സ്വന്തമായുള്ള ഭൂമിക്ക് പുറമെ അടുത്ത ബന്ധുക്കളുടെ വസ്തുക്കളും ഈട് നൽകിയായിരുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്ലത്തെ ശാഖയില്‍ നിന്നാണ് സൈമൺ പ്രധാനമായും, വായ്പയെടുത്തിരുന്നത്. ബാങ്കില്‍ നിന്നും പതിവായി ജപ്തിനോട്ടീസ് ലഭിച്ചതോടെ സൈമണ്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. വായ്പാതിരിച്ചടവിനായി ബാങ്ക് അധികൃതരോട് സൈമൺ സാവകാശം ആവശ്യപെട്ടിരുന്നെങ്കിൽ അത് ലഭിച്ചില്ല.