മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു.

തിരുവനന്തപുരം/ മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചു യന്ത്രസഹായത്തോടെ ഓക്‌സിജന്‍ സ്വീകരിച്ചു വരവെയാണ് അന്ത്യം. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയി ലേയ്ക്ക് മാറ്റുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കാതൽ എന്തെന്ന് വിളിച്ചു പറയുന്ന സ്നേഹചാർത്തുകളായിരുന്നു സുഗതകുമാരിയുടെ കവിതകൾ. പ്രകൃതിയോട് മനുഷ്യൻ കാട്ടിവരുന്ന ക്രൂരതകൾക്കെതിരെ കവിതകളിലൂടെയും പ്രതിഷേധ സമരങ്ങളിലൂടെയുമൊക്കെ പടവെട്ടിയ മനുഷ്യ സ്നേഹമായിരുന്നു സുഗതകുമാരിയുടെ ദിനരാത്രങ്ങൾ. പ്രകൃതിക്കുവേണ്ടി മലയാള മണ്ണിൽ നടന്ന സമര മുഖങ്ങളിൽ അവർ തേരാളിയായ ചരിത്രങ്ങൾ നിരവധി. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിവ അതിൽ ചിലത് മാത്രം. വാർദ്ധക്യം അവശതയിൽ എത്തിക്കുവോളം സുഗതകുമാരി വനനശീകരണത്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. നിലാരംബർക്ക് വേണ്ടി സുഗത കുമാരി നടത്തിവന്നിരുന്ന ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമായിരുന്നു. ടീച്ചറുടെ വേർപാട് അഭയയിലെ അന്ധേവാസികളെ അനാഥരാക്കുകയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു.
1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ്. വി.കെ. കാർത്യായനി അമ്മയാണ് മാതാവ്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.