ഡോൾഫിനുകൾ ചത്തടിഞ്ഞതിനു പിന്നിൽ കപ്പലപകടമോ?

കേരള തീരത്തെ എം.എസ്.സി എൽസ 3 കപ്പലപകടത്തിന് ശേഷം നാലു ഡോൾഫിനുകളും, ഒരു തിമിംഗലവുമാണ് ചത്ത് കരയ്ക്കടിഞ്ഞിരുന്നത് .
ഇതിൽ രണ്ടെണ്ണം തൃശ്ശൂർ അഴീക്കോട്, മുനക്കൽ തീരത്തായിരുന്നു ചത്തടിഞ്ഞത് .ഇത്തരം ഡോൾഫിനുകൾ ചത്തടിഞ്ഞതിന് പിന്നിൽ എം.എസ്.സി എൽസ 3 കപ്പലപകടമാവാം എന്ന സംശയമാണ് നിഴലിക്കുന്നത്. ഡോൾഫിനുകളുടെ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം രാസമാലിന്യമെന്ന് വ്യക്തമായത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ജൂൺ 26ന് കരയ്ക്കടിഞ്ഞ ആദ്യ ഡോൾഫിൻ്റെ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം രാസമാലിന്യമെന്ന് കണ്ടെത്തിയത് . ഇതോടെയാണ് ഡോൾഫിനുകൾ ചത്തതിന് കപ്പലപകടവുമായി ബന്ധമുണ്ടെന്ന് സംശയവും ഉയർന്നത്.കപ്പലപകടം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിൽ തുടർച്ചയായി ഡോൾഫിൻ അടക്കമുള്ളവ ചത്ത് കരയ്ക്ക് അടിയുന്നതിനെ ഗൗരവത്തോടെയാണ് ഇവർ കാണുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂലൈ ഒന്നിന് ചാലക്കുടി ഡി.എഫ്.ഒ സർക്കാരിന് കത്തയച്ചിരുന്നു.ഡോൾഫിനുകൾ ചത്തടിഞ്ഞതിൽ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും കത്തിലുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സൂട്ടിൽ ഈ കത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇനി കോടതിയിലാണ് പ്രതീക്ഷയെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ്പറഞ്ഞു. അപകടത്തിന് ശേഷമുള്ള പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് കേരള ഫിഷറീസ് സർവകലാശാല പഠനം ആരംഭിച്ചതായി സർക്കാർ വ്യക്തമാക്കിട്ടുണ്ട് .