“താൻ എങ്ങും പോയിട്ടില്ല, ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല”; പ്രതികരണവുമായി റാപ്പർ വേടൻ
“താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നത്” – റാപ്പർ വേടൻ വ്യക്തമാക്കി. പത്തനംതിട്ട കോന്നിയിൽ നടന്ന പരിപാടിയിലാണ് വേടന്റെ പ്രതികരണം. നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷമാണ് വേടൻ വീണ്ടും റാപ്പ് വേദിയിൽ എത്തിയത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ഒളിവിലായിരുന്നുവെന്ന പൊലീസ് നിലപാടിനിടയിലാണ് വേടന്റെ പ്രതികരണം.
“‘ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയെന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. ഞാൻ എന്റെ ഒറ്റ ജീവിതം ഈ ജനങ്ങളുടെ മുന്നിൽ ജീവിച്ച് മരിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്’” – വേടൻ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി കോന്നിയിൽ നടന്ന കരിയാട്ടം ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു വേടൻ.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര പൊലീസ് എടുത്ത കേസിൽ വേടന് മുമ്പ് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് മറ്റൊരു യുവതി സമാനമായ പരാതിയും ഉയർത്തി. ആരോപണങ്ങൾക്കുശേഷം വേടൻ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ, പുതിയ കേസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്.
Tag: I haven’t gone anywhere, an artist never goes anywhere Rapper Vedan responds