തിങ്കളാഴ്ച മുതൽ പൂര്‍ണ്ണതോതില്‍ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നടക്കണം.

സര്‍ക്കാര്‍ ഓഫീസുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സർക്കാർ പിന്‍വലിക്കുകയാണ്. തിങ്കളാഴ്ച മുതൽ പൂര്‍ണ്ണതോതില്‍ ഓഫീസുകളുടെ പ്രവർത്തനം നടത്തണമെന്നാണ് സർക്കാർ നിർദേശം. മുഴുവന്‍ ജീവനക്കാരും ഓഫീസുകളിലെത്തണം. നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുഭരണവകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ ഇതിനായി പുറത്തിറക്കി. എന്നാല്‍ ശനിയാഴ്ചകളിലെ അവധി എന്നത് തുടരും. ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഹോട്ട്‌സ്‌പോട്ടുകളിലുള്ള ഓഫീസുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്. അവിടെ നിശ്ചിത ശതമാനം ജീവനക്കാര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയാവും. ഹോട്ട്‌സ്‌പോട്ടുകളിലോ കണ്ടെയ്ന്‍മെന്റ് സോണികളിലോ താമസിക്കുന്നവര്‍ ജോലിക്കെത്തേണ്ട. ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികാരിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കുവാനാണ് തീരുമാനം.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാളുടെ വീട്ടില്‍ താമസിക്കുന്നവര്‍ക്കും പ്രത്യേക അവധി നല്‍കും. ഗതാഗതസംവിധാനങ്ങളില്ലാത്തതിനാല്‍ താല്‍കാലിക സംവിധാനമായി വീടിനടുത്ത ഓഫീസുകളില്‍ ജോലിചെയ്തിരുന്നവര്‍ സ്വന്തം ഓഫീസുകളിലേക്ക് തിരികെ പോകാനാണ് നിർദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം വ്യാപകമാക്കുവാനാണ് ആലോചിച്ചിട്ടുള്ളത്. ഇ ഓഫീസ് സംവിധാനമുള്ള പരമാവധി ജീവനക്കാര്‍ക്ക് വീടുകളില്‍ തന്നെ ജോലിചെയ്യാന്‍ സംവിധാനമൊരുക്കും. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍മൂലം ജോലിക്കെത്താന്‍ പറ്റാത്തവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഒരുക്കാനാണ് നിര്‍ദ്ദേശം. പുതിയ നിര്‍ദ്ദേശപ്രകാരം ഏഴു മാസം ഗര്‍ഭിണികളായവരും ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരും ജോലിക്കെത്തേണ്ട. ഇത്തരക്കാര്‍ക്ക് വർക്ക് ഫ്രം ഹോം ഒരുക്കുകയാണ്.