നോക്കുകൂലിയായി ലക്ഷങ്ങള്‍ ചോദിച്ച് നാട്ടുകാര്‍; ലോഡ് ഇറക്കാനാകാതെ വിഎസ്എസ്‌സി
തിരുവനന്തപുരം: കേരളത്തിന്റെ തീരാശാപമായി നോക്കുകൂലി മാറിയിട്ട് പതിറ്റാണ്ടുകളായി. തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് പല തൊഴിലാളി സംഘടനകളും കേരളത്തില്‍ നോക്കുകൂലി ആവശ്യപ്പെട്ട് രംഗത്തുവരുന്നത്.
നോക്കുകൂലി തുടച്ചു നീക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയുന്നതിനു മുന്‍പെയാണ് ഐഎസ്ആര്‍ഒയുടെ പ്രൊജക്ടുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സിയിലേക്ക് എത്തിയ 184 ടണ്‍ ഭാരമുള്ള ഉപകരണങ്ങള്‍ ഇറക്കുന്നതിന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വാഹനങ്ങള്‍ തടഞ്ഞിരിക്കുന്നത്. ഒരു ടണ്ണിന് രണ്ടായിരം രൂപയാണ് നോക്കുകൂലിയായി നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഇന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.
പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചെന്നും ജോലി ചെയ്യാതെ നോക്കിനില്‍ക്കുന്നതിന് കൂലി നല്‍കാനാവില്ലെന്നുമാണ് അധികൃതരുടെ നിലപാട്. കേവലം മൂന്നു പേരുടെ സഹായമുണ്ടെങ്കില്‍ യന്ത്രങ്ങളുപയോഗിച്ച് ഈ ലോഡ് ഇറക്കാവുന്നതാണ്. പ്രദേശവാസികള്‍ ഈ കടുംപിടുത്തം തുടരുകയാണെങ്കില്‍ തങ്ങള്‍ ലോഡ് ഉപേക്ഷിച്ച് തിരികെ പോകുമെന്നാണ് പ്രൊജക്ടുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.
യന്ത്രഭാഗങ്ങളുടെ കയറ്റിറക്ക് പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് നടത്താന്‍ സാധിക്കുക. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുമുണ്ട്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായാണ് മുംബൈയില്‍ നിന്നും ഉപകരണങ്ങള്‍ തിരുവനന്തപുരത്തെത്തിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 18നാണ് മുംബൈയില്‍ നിന്നും കപ്പല്‍ വഴി ഉപകരണങ്ങള്‍ കൊല്ലത്തെത്തിയത്. അന്നുമുതല്‍ ദിവസേന എട്ടുമണിക്കൂര്‍ വീതം സഞ്ചരിച്ചാണ് കാര്‍ഗോ തിരുവനന്തപുരത്തെത്തിയത്. നാടിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന പദ്ധതിക്കാണ് നോക്കുകൂലിയുടെ പേരില്‍ ഒരു സംഘം പാരവയ്ക്കുന്നത്. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ജില്ല ലേബര്‍ ഓഫീസറോട് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.