പതിമൂന്നാം ദിവസവും ഇന്ധന വില കൂട്ടി.

രാജ്യത്ത് പതിമൂന്നാം ദിവസവും ഇന്ധന വില വര്‍ധന ഉണ്ടായി. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി. 13 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 7 രൂപ ഒന്‍പത് പൈസയുമാണ് ഇതിനകം കൂടിയത്. ഇങ്ങനെ വില വർധനയുടെ മുന്നോട്ട് പോയാല്‍ എന്ത് ചെയ്യുമെന്നറിയാത്ത ആകുലതയിലാണ് ജനങ്ങൾ. ലോക്ക്ഡൗണ്‍ ആയതിനാല്‍ സ്വകാര്യവാഹനങ്ങളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. ഈ അവസരം കൂടി എന്ന കമ്പനികൾ മുതലാക്കുകയാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം പറഞ്ഞാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടി തുടങ്ങിയത്. ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവ് ഉണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല. കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുന്ന അവസ്ഥയിലേക്കാണ് ഇന്ധനവില വര്‍ധന എത്തിയിരിക്കുന്നത്. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുന്ന അവസ്ഥയുമാണ്.