പത്ത് വർഷമായി കുടുംബത്തിൽ നിന്ന് അകന്ന് കഴിഞ്ഞു, തിരികെ എത്തി ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
പത്ത് വർഷമായി കുടുംബത്തിൽ നിന്ന് അകന്ന് സന്യാസജീവിതം നയിച്ചിരുന്ന ആൾ വീണ്ടും കുടുംബത്തിൽ എത്തി, ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദക്ഷിണ ഡൽഹിയിലെ നേബ് സരായിലായിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെ 12 മണിയോടെയാണ് കൊലപാതകം നടന്നത്.
കിരൺ ഝാ എന്ന 40-കാരിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ അയൽവാസികളാണ് രാവിലെ കണ്ടെത്തിയത്.
പ്രതിയെന്ന് സംശയിക്കുന്ന കിരണിൻ്റെ ഭർത്താവ് പ്രമോദ് ഝാ പുലർച്ചെ 12.50 ഓടെ വീട്ടിൽനിന്ന് പുറത്തേക്ക് പോകുന്നത് സമീപം സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായി കരുതുന്നു.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ബിഹാറിലെ മുൻഗർ ജില്ലയിലെ ചിഡിയാബാദ് സ്വദേശിയായ പ്രമോദ്, തന്റെ ഭാര്യയായ ഹെൽത്ത് കെയർ അസിസ്റ്റന്റായ കിരണിൽ നിന്ന് 10 വർഷമായി വേർപിരിഞ്ഞ് കഴിഞ്ഞു വരികയായിരുന്നു. ഈ ആഗസ്റ്റ് ഒന്നിന് ഡൽഹിയിലേക്ക് തിരിച്ചു വരികയായിരുന്നു.
കിരൺ തന്റെ മകൻ ദുർഗേഷ്, മരുമകൾ കമൽ, പേരക്കുട്ടി എന്നിവരോടൊപ്പം താമസിച്ചിരുന്നത്. ദുർഗേഷ് ബിഹാറിലെ ദർഭംഗയിൽ പ്രവർത്തിക്കുന്ന ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ ജോലിചെയ്യുന്നു. കൊലപാതകസമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പ്രതിയെ പിടികൂടാൻ പൊലീസ് സംഘം വിവിധ റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും വ്യാപക തെരച്ചിൽ തുടരുകയാണ്. “കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്,”എന്ന് പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
Tag: delhi, husband killed his wife by hitting her in the head