CinemaKerala NewsLatest NewsNews

തന്നെ നശിപ്പിച്ച സഹസംവിധായകനെ സംരക്ഷിക്കുന്നത് ചാര്‍ളിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്,യുവതിയുടെ പരാതി മുഖ്യമന്ത്രിക്ക്‌

 മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ബലാത്സംഗം ചെയ്ത കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഇരയായ യുവതി.

വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം നിരന്തരം വധ ഭീഷണിമുഴക്കുകയാണെന്നും കത്തില്‍ പറയുന്നു. അപകടത്തില്‍ പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടന്ന സമയത്താണ് രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന ഉറപ്പ് നല്‍കി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ കിടന്ന സമയത്തും പ്രതിയുടെ സുഹൃത്തുക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു.

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ വെച്ച്‌ പ്രക്കാട്ടും പ്രതിയും ഉള്‍പ്പെടെയുള്ളവര്‍ കേസ് പിന്‍വലിക്കാനായി തന്നെ സ്വാധീനിക്കാന്‍ വേണ്ടി പലവട്ടം ശ്രമിച്ചു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് താന്‍ തന്നെയാണെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലോക് ഡൗണ്‍ സമയത്ത് വിഷയം മുഴുവനായി താന്‍ അറിഞ്ഞെന്നും പക്ഷെ ഞാന്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് എന്നോട് പറയുകയുണ്ടായി.

മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് ഒഴിവാക്കാന്‍ താന്‍ കാക്കനാട്, മൂവാറ്റുപുഴ, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ചതിനേക്കുറിച്ചും മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തി. കേസ് തന്നേയും ബാധിക്കുമെന്നും നിയമനടപടിയില്‍ നിന്ന് പിന്മാറുകയോ രാഹുലിന് അനുകൂലമായി മൊഴി തിരുത്തുകയോ വേണമെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നോട് അഭ്യര്‍ത്ഥിച്ചു.

മണി പവറും മസില്‍ പവറുമുള്ള പ്രതി അടുപ്പക്കാരുടെ സഹായത്തോടെ എന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയുമാണ്. മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള പ്രതിക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പ്രതിയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ സുഹൃത്തുക്കളും എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. ജാമ്യം നല്‍കിയപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മൂന്നാമത്തെ നിബന്ധന പ്രതി ലംഘിച്ചു.

ശക്തരായ ഇവരോട് ഒറ്റയ്ക്ക് പോരാടാന്‍ ഞാന്‍ നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഒരു അഭിഭാഷകനെ സമീപിക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നല്‍കിയ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button