പുന്നത്തുറ പള്ളി വികാരി കിണറ്റിൽ മരിച്ച നിലയിൽ,പള്ളിയിലെ സിസിടിവി സ്വിച്ച് ഓഫായിരുന്നു, ദുരൂഹത.

ഞായറാഴ്ച വൈകുന്നേരം മുതൽ കാണാതായ പുന്നത്തുറ സെൻ്റ് തോമസ് പള്ളി വികാരിയായ ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി മുതൽ പോലീസും നാട്ടുകാരും വൈദികനു വേണ്ടി തെരച്ചിൽ നടത്തി വരുകയായിരുന്നു. ചങ്ങാനാശേരി അതിരൂപതയ്ക്കു കീഴിലുള്ളതാണ് പുന്നത്തുറ സെൻ്റ് തോമസ് പള്ളി വൈദികനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണം പരാജയപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വൈദികനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വൈദികൻ്റെ മുറി തുറന്നു പരിശോധിച്ചപ്പോള്‍ മൊബൈൽ ഫോൺ സൈലൻ്റ് മോഡിലാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ അന്വേഷണത്തിലാണ് പള്ളിയോടു ചേര്‍ന്നുള്ള കിണറ്റിൽ വൈദികൻ്റെ മൃതദേഹം കണ്ടെത്താനായത്. ആറു മാസം മുൻപാണ് ഫാ. ജോര്‍ജ് എട്ടുപറയിൽ പുന്നത്തുറ പള്ളിയിൽ വികാരിയായി ചാര്‍ജെടുക്കുന്നത്. ഏറെക്കാലമായി വൈദികൻ യുഎസിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും അടുത്ത കാലത്താണ് കേരളത്തിൽ തിരിച്ചെത്തിയതെന്നും ഇന്ത്യൻ കാത്തലിക് ഫോറം വക്താവ് ബിനു ചാക്കോ പറഞ്ഞതായി ഒരു വാര്‍ത്താ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടവകയിൽ അടുത്തിടെയുണ്ടായ ഒരു തീപിടുത്തത്തിൽ നാലു പേർക്ക് പൊള്ളലേറ്റ സംഭവത്തിൽ,ഫാ. ജോര്‍ജ് എട്ടുപറയിലിൽ മനോവിഷമത്തിലായിരുന്നുവെന്നാണ് അതിരൂപതയിലെ മറ്റു വൈദികർ നൽകുന്ന വിശദദീകരണം. അതേസമയം, മരണം നടന്ന ഞായറാഴ്ച പള്ളിയിലെ സിസിടിവി സ്വിച്ച് ഓഫായിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. ഇത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഇടവകയിൽ ആരുമായും വൈദികന് വലിയ തർക്കങ്ങൾ ഇല്ലായിരുന്നുവെന്നും പൊതുവെ ശാന്തശീലനായിരുന്നുവെന്നുമാണ് ഇടവകാംഗങ്ങൾ പത്ര മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.