കോവിഡ് വ്യാപനം: ചൈനയിലെ ലാസോ നഗരം ലോക്ക്ഡൗണ്‍ ചെയ്തു
ബീജിംഗ്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലാന്‍സോ നഗരം പൂര്‍ണമായും അടച്ചിട്ട് ചൈന. രോഗത്തിനെതിരെ സീറോ ടോളറന്‍സ് പോളിസിയുമായാണ് ചൈനീസ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. 40 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ദിവസങ്ങള്‍ക്കകം പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കും.
പ്രാദേശികമായി കൊവിഡ് വ്യാപനത്തിനെതിരെ നിരന്തരം പരിശോധന നടത്തുന്നുണ്ട് ചൈന. മിക്കവാറും വിപുലമായ കൊവിഡ് പരിശോധനയാണ് നടത്താറുളളത്. എന്നിട്ടും ചെറിയ ക്ലസ്റ്ററുകളായും ഇടയ്ക്കിടെയുളള രോഗവ്യാപനവും ചൈനയില്‍ തുടരുകയാണ്. പരിശോധനയിലെ പോരായ്മയാണ് ഇത് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 17ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് തരംഗത്തില്‍ 12 പ്രവിശ്യകളിലായി 200 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആരോഗ്യരംഗത്ത് പിന്നിലുളള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നാണ് മിക്ക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ദേശീയ ആരോഗ്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കുള്ള സൗകര്യം ലഭ്യമാണ്. ആറ് മണിക്കൂറിനകം റിപ്പോര്‍ട്ടും ലഭിക്കും. അഞ്ച് മില്യണിലധികം ജനസംഖ്യയുളള പ്രവിശ്യകള്‍ മൂന്ന് ദിവസത്തിനകം എല്ലാവരെയും പരിശോധിക്കണം. ചൈനയില്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 96,840 കേസുകളും 4636 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.