പ്രളയ ഫണ്ട് തട്ടിപ്പ്, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരിയ വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടും.

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസിലെ മുഖ്യപ്രതി കലക്ടറേറ്റിലെ മുൻ ക്ലാർക്ക് വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടുമെന്നു ജില്ലാ ഭരണകൂടം. ഒന്നരക്കോടിയുടെ ആസ്തി വിഷ്ണുവിനുണ്ടെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. 2018 ലെ പ്രളയത്തിൽ ജീവിതം വഴി മുട്ടിയ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഒരൊറ്റ ക്ലാർക്ക് വഴി തട്ടിയെടുത്തത് ഒരു കോടിയിലേറെ രൂപയാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസിലെ മുഖ്യപ്രതി കലക്ടറേറ്റിലെ മുൻ ക്ലാർക്ക് വിഷ്ണു പ്രസാദിന്റെ നാടകീയവും ആസൂത്രിതവുമായ നീക്കങ്ങൾ വഴിയാണ് പാവങ്ങൾക്കായുള്ള ഫണ്ട് തട്ടിപ്പു നടന്നത്. ഭരണസ്വാധീനത്തിന്റെ മറവിൽ സി പി എം പ്രവർത്തകരും, യൂണിയൻ അംഗങ്ങളും ചേർന്നായിരുന്നു തട്ടിപ്പിന് കരുക്കൾ നീക്കിയത്. വിഷ്ണു പ്രസാദും, കലക്ടറേറ്റിൽ കൂട്ടുനിന്ന ജീവനക്കാരും ഒഴികെയുള്ളവർ, തങ്ങൾ വഴി ഒഴുകുന്നത് സർക്കാർ ഫണ്ട് ആണ് എന്ന് അറിയില്ലെന്നാണ്, ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ നിരത്തുന്ന പൊട്ടൻ ന്യായം.
ഒന്നരക്കോടിയുടെ ആസ്തി ഉള്ള വിഷ്ണു, സർക്കാരിന്റെ ഒരു കോടിയിലധികം രൂപ നഷ്ടപ്പെടുത്തിയ സാഹചര്യത്തിൽ ഇത‌് ഈടാക്കണമെങ്കിൽ സ്വത്ത് കൈമാറ്റം ചെയ്യാതെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കു കലക്ടർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുകയാണ്. ദുരിതാശ്വാസ വിഭാഗത്തിൽ നിന്നു പണം അപഹരിച്ചെന്ന രണ്ടാമത്തെ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള വിഷ്ണു പ്രസാദിനെ ബുധനാഴ്ച കലക്ടറേറ്റിലെത്തിച്ചു തെളിവെടുപ്പ് നടത്തുകയുണ്ടായി. ദുരിതബാധിതർ തിരിച്ചടച്ച പണം കൈപ്പറ്റാൻ തിരിച്ചടച്ച പണം കൈപ്പറ്റാൻ വിഷ്ണു സ്വന്തം നിലയിൽ രസീത് തയാറാക്കിയ രീതി വിഷ്ണു തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ വിശദീകരിക്കുകയുണ്ടായി. ഇതിനായി ഉണ്ടാക്കിയ വ്യാജ രസീതുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം കാക്കനാട് സ്വദേശി എം.എം. അൻവർ, ഭാര്യ കൗലത്ത് എന്നിവർ 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യൽ കഴിഞ്ഞാൽ കൗലത്തിനു ജാമ്യത്തിൽ പോകാമെന്നും, അൻവറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
അയ്യനാട് സഹകരണ ബാങ്കിൽ അൻവറിനും ഭാര്യയ്ക്കുമുള്ള ജോയിന്റ് അക്കൗണ്ട് വഴി പ്രളയ ദുരിതാശ്വാസ ഫണ്ടിലെ തുക പിൻവലിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. സർക്കാർ ഫണ്ട് വകമാറ്റാൻ ഇവരുടെ അക്കൗണ്ട് ഉപയോഗിച്ച സാഹചര്യം അന്വേഷകർ ചോദിച്ചറിയണമെന്ന് കോടതി വ്യക്തമാക്കി. ആരോപണം ഗൗരവമേറിയതാണെങ്കിലും ഒന്നും രണ്ടും പ്രതികളായ വിഷ്ണു പ്രസാദും മഹേഷുമാണ് മുഖ്യ സൂത്രധാരർ എന്നാണു കോടതിയുടെ നിരീക്ഷണം. വിഷ്ണു പ്രസാദും മഹേഷും ചേർന്നു തന്നെ കുടുക്കിയതാണെന്ന് ആരോപിക്കുന്നതാണ് അൻവറിന്റെ ഹർജി.