CovidLatest NewsNationalUncategorized

ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീൻ: ഏപ്രിൽ മാസം തന്നെ റഷ്യയുടെ സ്പുട്‌നിക് വാക്‌സീൻ രാജ്യത്ത് എത്തും

ന്യൂഡെൽഹി: ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനായ റഷ്യയുടെ കോവിഡ് വാക്‌സീൻ സ്പുട്‌നിക് V ഏപ്രിൽ മാസം തന്നെ രാജ്യത്ത് എത്തുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാല വെങ്കിടേഷ് വർമ. ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് എത്തുമെന്നും മേയ് ആദ്യ വാരം മുതൽ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മേയ് മാസത്തിന്റെ തുടക്കത്തിൽ ചുരുക്കം കുറച്ചു പേർക്കാകും വാക്‌സീൻ നൽകുക. പിന്നീട് ഘട്ടം ഘട്ടമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡ് അസ്ട്രാസെനക വികസിപ്പിച്ച്‌ സീറം ഇൻസ്റ്റിറ്റിയൂട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്‌സീൻ എന്നീ വാക്‌സീനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. സ്പുടിനിക് വാക്‌സീൻ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.

റഷ്യയുടെ സ്പുട്‌നിക് V വാക്‌സീൻ ഇന്ത്യയിൽ ഉപയോഗിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. വാക്‌സീന് ഇന്ത്യയിൽ ചില ഉപാധികളോടെ ഉപയോഗാനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് അനുമതി.

കോവിഡ് വാക്‌സീൻ സ്പുട്‌നിക് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനൊപ്പം ഇന്ത്യയിൽ നിർമിക്കാനുള്ള സാധ്യതയും കേന്ദ്രം തേടിയിരുന്നു. വിതരണ കരാറുള്ള ഡോ. റെഡ്ഡീസിനു പുറമേ ഉൽപാദന കരാറുള്ള 5 കമ്ബനികളുമായി ചർച്ച നടക്കുന്നതായി കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷൺ വ്യക്തമാക്കിയിരുന്നു.

കോവാക്‌സീൻ മുംബൈയിലെ ഹാഫ്കിൻ ഇൻസ്റ്റിറ്റിയൂടിലും ഉൽപാദിപ്പിക്കും. നിലവിൽ ഹൈദരാബാദിൽ മാത്രമാണ് കോവാക്‌സീൻ ഉൽപാദനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button