ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം: കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി
പൊന്നാനി: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി. ആദിവാസികളുടെയും ഗ്രോത്ര വര്‍ഗ്ഗ പിന്നോക്ക വിഭാങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വ്യാജ കേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിന് കാരണമായ ഭരണകൂട ഭീകരതക്കെതിരെയുമാണ് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തിയത്.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് എന്‍.ഐ.എ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് നടന്ന മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.
മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളെയും ജനവിരുദ്ധ നയങ്ങളെയും ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള ഒടുവിലത്തെ ഇരയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെന്നും, മനുഷ്യാവകാശങ്ങള്‍ മാനിക്കാത്ത ജയിലുകളും, നിസ്സംഗത പുലര്‍ത്തുന്ന കോടതികളും, പകയോടെ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളും ഫാദറിന്റെ ഉള്‍പ്പടെയുള്ള രാജ്യത്തെ നിരവധി മരണങ്ങള്‍ക്ക് ഉത്തരവാദികളാണെന്നും, ടി.കെ. അഷറഫ് ആരോപിച്ചു.
ചമ്രവട്ടം ജങ്ക്ഷനില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.കെ.അഷറഫ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അദ്ധ്യക്ഷത വഹിച്ചു. എ. പവിത്രകുമാര്‍, കെ.ജയപ്രകാശ്, എന്‍.പി.നബീല്‍, എം.അബ്ദുള്‍ ലത്തീഫ്, സി.ജാഫര്‍, സന്തോഷ് കടവനാട്, പി.ടി.നാസര്‍ എന്നിവര്‍ സംസാരിച്ചു.