കൊറോണ ചികിത്സയ്ക്ക് അമിത ചാര്‍ജ്; ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ അന്വേഷണം
ആലുവ: കൊറോണ ചികിത്സയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പൊലീസ് കേസ്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു. കൊറോണ കാലത്തെ ചികിത്സയുമായി ബന്ധപ്പെട്ട് അന്‍വര്‍ ആശുപത്രിയ്‌ക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. പ്രാഥമിക പരിശോധയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിന് രണ്ട് എഡിഎംഒമാരെയാണ് നിയോഗിച്ചിരിക്കുന്നത്. പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ് ആക്ട് പ്രകാരമാണ് നടപടി. ആലുവ ഇസ്റ്റ് പോലീസാണ് കേസ് എടുത്തത്. രോഗികളിൽ നിന്നും ഫീസിന്റെ വിവരങ്ങൾ മറച്ചുവെച്ചു, അമിത നിരക്ക് ഈടാക്കി എന്നീ കുറ്റങ്ങൾക്കാണ് കേസ് എടുത്തത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു
അൻവർ മെമ്മോറിയൽ ആശുപത്രി കൊറോണ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം തൃശ്ശൂർ സ്വദേശിയായ യുവാവ് പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയത്. ഇതോടെയാണ് കൊറോണയുടെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയെക്കുറിച്ച് വ്യക്തമാക്കി യുവാവ് രംഗത്ത് വന്നത്.