വധഭീഷണി കത്ത് ആദ്യമായിട്ടല്ല കാണുന്നത്; ആരയും ഭയമില്ല: എം.എല്‍.എ കെ.കെ.രമ
കോഴിക്കോട്: ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെ മകന്‍ നന്ദുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്തിന് മറുപടിയുമായി
വടകര എംഎല്‍എ കെ കെ രമ. ഭീഷണി കത്തുകൊണ്ട് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് വടകര എംഎല്‍എ കെ കെ രമ വ്യക്തമാക്കി.
ഇതിന് മുന്‍പ് എത്രയോ തവണ ഭീഷണി കത്ത് വന്നിട്ടുണ്ടെന്നും അതൊന്നും കണ്ട് താന്‍ പതറിയിട്ടില്ലെന്നും കെ കെ രമ അടിയുറച്ച് പറയുന്നു. സ്വര്‍ണക്കടത്തും സ്വര്‍ണം തട്ടലും അടക്കം സിപിഎം നേതൃത്വം നല്‍കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്നതാണ് ഗുണ്ടാസംഘങ്ങളെ പ്രകോപിപ്പിച്ചതെന്നും മകനെ കൊല്ലുമെന്ന് പറഞ്ഞാല്‍ തളരുമെന്നാണ് കത്തയച്ചവര്‍ കരുതുന്നത്, അങ്ങനെ തളരുന്നയാളല്ല താനെന്നും രമ കൂട്ടിചേര്‍ത്തു.
കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് വന്നത്. ചാനല്‍ ചര്‍ച്ചയില്‍ സി.പിഎമ്മിനെതിരെ സംസാരിക്കരുതെന്നും രമയുടെ മകന്‍ അഭിനന്ദിനെ കൊല്ലുമെന്നും കത്തില്‍ പറയുന്നു.ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് എന്‍. വേണു കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.
മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടി പി യെ കൊല്ലാന്‍ കാരണമായതെന്ന് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.അതേസമയം ഷംസീറിനെതിരെ ഒന്നും ചാനല്‍ ചര്‍ച്ചയില്‍ പറയരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. കത്ത് കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.