ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ; മകന് സർക്കാർ ജോലി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണു മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ ഡി. ബിന്ദുവിന്റെ കുടുബത്തിനു 10 ലക്ഷം രൂപ ധനസഹായവും, മകന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു കേരള സർക്കാർ.ഇവരുടെ വീടിന്റെ നിർമാണം ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ഫണ്ടിൽനിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നൽകിയ സർക്കാർ മകന് താത്കാലിക ജോലി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഒരു സ്ഥിര ജോലി വേണം എന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്.
കെട്ടിടം തകർന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധങ്ങളുയർന്നിരുന്നു. മന്ത്രിമാർ ബിന്ദുവിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.