ആവേശപ്പോരിൽ ഡൽഹിക്ക് ജയം

നിതീഷ് റാണയുടെ ചെറുത്തുനിൽപിനും അവസാന ഓവറുകളിൽ ഒയിൻ മോര്‍ഗൻ, രാഹുൽ ത്രിപാഠി എന്നിവരുടെ വമ്പൻ ഷോട്ടുകൾക്കും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ വിജയതീരത്തെത്തിക്കാനായില്ല. ഡൽഹി ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 210 റൺസേ നേടാനായുള്ളു. ഡൽഹിയ്ക്ക് 18 റൺസ് വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതെത്തി. പോയിന്റ് നിലയിൽ ഡൽഹിയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഒപ്പമാണെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഡൽഹി മുന്നിലെത്തുകയായിരുന്നു.

വിജയലക്ഷ്യമായ 229 റൺ പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് തുടക്കത്തിലെ പിഴച്ചു. ടീം സ്കോർ എട്ട് റൺസ് മാത്രമുള്ളപ്പോൾ മൂന്നു റൺസെടുത്ത സുനിൽ നരെയ്ൻ ആൻറിച്ച് നോർജെയുടെ പന്തിൽ ബൗൾഡായി. പിന്നാലെയെത്തിയ നിതീഷ് റാണയ്ക്കൊപ്പം ചേർന്ന് ശുഭ്മാന്‍ ഗിൽ സ്കോർ ഉയർത്തി. ആറാം ഓവറിൽ കൊൽക്കത്ത 50 റൺസ് കടന്നു. അമിത് മിശ്ര എറിഞ്ഞ ഏഴാം ഓവറിൽ നിതീഷ് റാണയെ ക്യാച്ച് ഔട്ട് ആക്കാനുള്ള അവസരം മിശ്ര നഷ്ടപ്പെടുത്തി.
സ്കോർ 72 റൺസിൽ എത്തിനിൽക്കെ അമിത് മിശ്രയുടെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്ത് ശുഭ്മാന്‍ ഗിൽ പുറത്തായി. 22 പന്തുകൾ നേരിട്ട് ഒരു സിക്സും രണ്ടു ഫോറുമുൾപ്പെടെ 28 റൺസാണ് ഗിൽ നേടിയത്. നിതീഷ് റാണയ്ക്ക് കൂട്ടായി എത്തിയ ആന്ദ്രെ റസ്സൽ വമ്പൻ ഷോട്ടുകൾ പായിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. കഗിസോ റബാഡ എറിഞ്ഞ പത്താം ഓവറിലെ അഞ്ചാം പന്തിൽ ആൻറിച്ച് നോർജെയ്ക്കു ക്യാച്ച് നൽകി റസ്സൽ മടങ്ങി. 13 റൺസായിരുന്നു റസ്സലിൻ്റെ സംഭാവന. നിതീഷ് റാണയ്ക്കൊപ്പം ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് ക്രീസിൽ എത്തിയെങ്കിലും സ്കോറിങ് റേറ്റ് താഴ്ന്നു. 11 ഓവറിൽ കൊൽക്കത്തയുടെ സ്കോർ 100 കടന്നു.

അടുത്ത ഓവറിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ നിതീഷ് റാണ അതേ ഓവറിൽ തന്നെ മടങ്ങുകയും ചെയ്തു.
ഹർഷൽ പട്ടേലിന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ അക്സർ പട്ടേലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം.35 പന്തിൽ നാലു സിക്സും നാലു ഫോറുമുൾപ്പെടെ 58 റൺസ് നേടിയാണ് റാണ പവലിയനിലേക്കു മടങ്ങിയത്. തൊട്ടടുത്ത പന്തിൽ ശിഖർ ധവാനു ക്യാച്ച് നൽകി ദിനേഷ് കാർത്തിക്കും മടങ്ങി. 6 റൺസ് മാത്രമായിരുന്നു കാർത്തിക്കിൻ്റെ സംഭാവന.

42 പന്തിൽ 111 റൺസ് വിജയലക്ഷ്യത്തിലേ
ക്കാണ് തുടർന്ന് ഒത്തുചേർന്ന ഒയിൻ മോര്‍ഗൻ – പാറ്റ് കമ്മിൻസ് സഖ്യം ബാറ്റ് വീശിയത്. എന്നാൽ അഞ്ച് റൺസ് മാത്രമെടുത്ത പാറ്റ് കമ്മിൻസ്, ആൻറിച്ച് നോർജെയുടെ പന്തിൽ ഹർഷൽ പട്ടേലിനു ക്യാച്ച് നൽകി മടങ്ങി. ഒയിൻ മോര്‍ഗൻ – രാഹുൽ ത്രിപാഠി സഖ്യം ഒത്തുചേരുമ്പോൾ കൊൽക്കത്തയ്ക്കു ജയിക്കാൻ പ്രതിഓവർ 16 റൺസിനു മേൽ നേടണമെന്ന നിലയിലെത്തിയിരുന്നു. 15 ഓവർ പിന്നിട്ടപ്പോൾ കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ്. ജയിക്കാൻ വേണ്ടത് 30 പന്തിൽ 92 റൺസ്.
16 ാം ഓവറിൽ കൊൽക്കത്ത 150 റൺസ് കടന്നു. പിന്നീട് ഒയിൻ മോര്‍ഗൻ – രാഹുൽ ത്രിപാഠി സഖ്യം വമ്പൻഷോട്ടുകളുമായി കളംനിറഞ്ഞു. മാർക്കസ് സ്റ്റോയ്നിസ് എറിഞ്ഞ 17 ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറുമുൾപ്പെടെ കൊൽക്കത്ത 24 റൺസാണ് അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിലാകട്ടെ തുടർച്ചയായ മൂന്നു സിക്സും ഒരു ഫോറുമുൾപ്പടെ 23 റൺസും കൊൽക്കത്ത നേടി. എന്നാൽ 19 ാം ഓവറിൽ ആൻറിച്ച് നോർജെയുടെ പന്തിൽ ഷിംറോൺ ഹെറ്റ്മെയർക്ക് ക്യാച്ച് നൽകി ഒയിൻ മോര്‍ഗൻ പുറത്തായി.18 പന്തിൽ അഞ്ച് സിക്സും ഒരു ഫോറുമുൾപ്പെടെ 44 റൺസാണ് മോര്‍ഗൻ നേടിയത്. ഇതോടെ കൊൽക്കത്ത പ്രതീക്ഷ കൈവിട്ടു.

അവസാന ഓവറിൽ കൊൽക്കത്തയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 26 റൺസ്. മാർക്കസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ രാഹുൽ ത്രിപാഠി ബൗൾഡായി. 16 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 36 റൺസാണ് രാഹുൽ ത്രിപാഠി നേടിയത്. ശേഷിച്ച പന്തുകളിൽ കംലേഷ് നാഗര്‍കോട്ടിക്കും ശിവം മാവിക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ ഡൽഹി 18 റൺസ് സ്വന്തമാക്കി. കംലേഷ് നാഗര്‍കോട്ടി മൂന്നു റൺസോടെയും ശിവം മാവി ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ഡൽഹിക്കു വേണ്ടി ആൻറിച്ച് നോർജെ മൂന്നും ഹർഷൽ പട്ടേൽ രണ്ടും മാർക്കസ് സ്റ്റോയ്നിസ്, അമിത് മിശ്ര, കഗിസോ റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ടോസ് നേടിയ കൊൽക്കത്ത, ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങിന് അയക്കുകയായിരുന്നു.

മുൻനിര ബാറ്റ്സ്മാന്മാരുടെ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ശ്രേയസ് അയ്യർ പുറത്താകാതെ 88 റൺസ്, പൃഥ്വി ഷാ 66 റൺസ് എന്നിവരുടെ അർധ സെഞ്ചുറിയും ഋഷഭ് പന്ത് 38 റൺസ്, ശിഖർ ധവാൻ 26 റൺസ് എന്നിവരുടെ മികച്ച പിന്തുണയുമാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഐ പി എൽ പതിമൂന്നാം സീസണിലെ ഉയർന്ന സ്കോറാണിത്. കൊൽക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസ്സൽ രണ്ടും കംലേഷ് നാഗര്‍കോട്ടി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
