സഭാ കവാടത്തിലേയ്ക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു.

തിരുവനന്തപുരം/ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സഭാ കവാടത്തിലേയ്ക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. സഭാ ഗേറ്റിലേക്ക് തീരെ പ്രതീക്ഷിക്കാതെ എത്തിയ യുവമോർച്ച പ്രവർത്തകരെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞത് ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാക്കി. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് സഭക്ക് മുന്നിൽ സുരക്ഷ വർധിപ്പിക്കുകയായിരുന്നു. അതേസമയം, പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയും വിമര്‍ശനം ഉണ്ടായി. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചതായും, കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം സഭാതലത്തിനുള്ളിൽ മുദ്രാവാക്യം വിളിമുഴക്കി. ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭ വിട്ടു പോയി. തുടർന്ന് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന്അവർ പ്രതിഷേധിച്ചു. പി. സി ജോർജ് എംഎൽഎയും പ്രതിപക്ഷത്തിനൊപ്പം സഭ ബഹിഷ്കരിച്ചു. ഇതിനിടെ ബിജെപി എംഎൽഎ ഒ. രാജഗോപാൽ സഭയിൽ തുടരുകയായിരുന്നു.