Kerala NewsMovie

മന്ത്രി എ.കെ.ബാലന്‍ മുന്നിട്ടിറങ്ങി, കാവശ്ശേരിയിലെ ദരിദ്ര കുടുംബത്തിന് 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ കിട്ടി.

പാലക്കാട് ജില്ലയിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഇടിഞ്ഞു വീഴാറായ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞുവരുന്ന കുടുംബത്തിന് മന്ത്രി എ.കെ.ബാലന്റെ ഇടപെടലിലൂടെ, കുട്ടികളുടെ പഠനാവശ്യത്തിന് വൈദ്യുതി എത്തി. ഹൃദ്രോഗിയായ അച്ഛനും വല്ലപ്പോഴും മാത്രം കാറ്ററിംഗ് ജോലിയുള്ള അമ്മയും രണ്ടാണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഇതോടെ ആശ്വാസമായി.
സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനം സ്വപ്നം കാണാന്‍ പോലുമാകാത്ത രണ്ടു കുരുന്നുകളും വീട്ടിലുണ്ട്. പാടൂര്‍ എ.എല്‍.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്. ഇവരുടെ അച്ഛന്‍ മൂന്നുവര്‍ഷമായി ഹൃദ്രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ നിസഹായാവസ്ഥയും ദാരിദ്ര്യവും കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അധ്യാപകന്‍ വഴി മന്ത്രി എ.കെ.ബാലന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. മന്ത്രി ബാലൻ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും, ഒരു ഇലക്ട്രിക് പോസ്റ്റ് സൗജന്യമായി സ്ഥാപിച്ച് വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നൽകുകയുമായിരുന്നു. കുട്ടികളുടെ വിവരങ്ങള്‍ അറിഞ്ഞ മന്ത്രി 24 മണിക്കൂറിനുള്ളിലാണ് വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി എടുത്തത്. ഈ വീട്ടില്‍ ആദ്യമായി വൈദ്യുതി ലഭിക്കുമ്പോള്‍ മന്ത്രി എ കെ ബാലന്റെ പ്രതിനിധികള്‍, അധ്യാപകര്‍, കെഎസ്ഇബി ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുടുംബത്തിൻ്റെ രണ്ടു മാസത്തെ വൈദ്യുതി ഉപഭോഗം 40 യൂനിറ്റിൽ കൂടാതിരുന്നാൽ കുടുംബത്തിന് വൈദ്യുതി ബിൽ സൗജന്യമായിരിക്കും.
ഡി.വൈ.എഫ്.ഐ പാടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വ്യാഴാഴ്ച ടി.വി ലഭ്യമാക്കുന്നുണ്ട്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ചാമുണ്ണി ടി.വി വിതരണം നടത്തും. ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ച കുടുംബത്തിന് സര്‍ക്കാരില്‍ നിന്നുള്ള കിറ്റും ധനസഹായവുമാണ് തുണയായത്. കൂട്ടുകുടുംബ വ്യവസ്ഥയിലുള്ള സ്ഥലമായതിനാല്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീട് എങ്ങനെ ലഭ്യമാക്കാനാകുമെന്നത് പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button