മാക്രോണിന്റെ അടുത്ത വിശ്വസ്തൻ; ഫ്രാൻസിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് സെബാസ്റ്റ്യൻ ലെകോർണു

ഫ്രാൻസിലെ രാഷ്ട്രീയ രംഗത്ത് വലിയ കലുഷിതാവസ്ഥ സൃഷ്ടിച്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി എലിസി പാലസിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
മാക്രോണിന്റെ അടുത്ത വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്ന ലെകോർണു, പ്രധാനമന്ത്രി സ്ഥാനമേറ്റ് ഒരു മാസം പൂർത്തിയാകുന്നതിനുമുമ്പേ പദവിയിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. തിങ്കളാഴ്ച രാവിലെ തന്നെയാണ് രാജിക്കത്ത് സമർപ്പിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
വലതുപക്ഷ സഖ്യം മന്ത്രിസഭയിൽ നിന്ന് പിന്മാറുമെന്ന സൂചനകളെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി ഉണ്ടായത്. പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജിയെന്നത് ശ്രദ്ധേയമാണ്.
മുന്‍ സര്‍ക്കാരുകളുടെ പിഴവുകളിൽ നിന്ന് മാറി “പുതിയ സമീപനമാണ് തന്റെ മന്ത്രിസഭയുടെ ലക്ഷ്യം” എന്ന് ലെകോർണു പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഞായറാഴ്ച രാത്രി പുറത്തുവിട്ട പട്ടികയിൽ പഴയ മന്ത്രിമാരെ തന്നെ നിലനിർത്തിയിരുന്നതായി വിമർശനങ്ങൾ ഉയർന്നു. ജനങ്ങളും പ്രതിപക്ഷവും പുതിയ മുഖങ്ങളെയും വലിയ മാറ്റങ്ങളെയും പ്രതീക്ഷിച്ചിരുന്നതിനാൽ നിരാശയായിരുന്നു പൊതുവായ പ്രതികരണം.
പുതിയ മന്ത്രിസഭയിൽ മുൻ പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്റൂവിന്റെ കാബിനറ്റിലുണ്ടായിരുന്ന ചില പേരുകളും, അതിനും മുൻപ് മാക്രോണിന്റെ ഭരണകാലത്തെ മന്ത്രിമാരെയും ഉൾപ്പെടുത്തിയതാണ് കൂടുതൽ വിമർശനം ക്ഷണിച്ചത്.
സെബാസ്റ്റ്യൻ ലെകോർണുവിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഏകദേശം ഒരു മാസം എടുത്താണ് മന്ത്രിസഭ രൂപീകരിച്ചത്, എന്നത് തന്നെ ഫ്രാൻസിലെ രാഷ്ട്രീയ സങ്കീർണതയുടെ തെളിവ് ആയി കണക്കാക്കപ്പെടുന്നു. മാക്രോണിന്റെ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ നേടുക മാത്രമാണ് ലെകോർണുവിന് ഭരണസാധ്യത ഉറപ്പാക്കാനുള്ള മാർഗമായിരുന്നത്.
എന്നാൽ, പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചതോടെ തന്നെ അദ്ദേഹം നേരിട്ടത് നിശിതമായ വിമർശനങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. അതിനാൽ, രാജിയല്ലാതെ അദ്ദേഹത്തിന് മറ്റൊരു മാർഗവുമില്ലാതായി, ഫ്രാൻസിന്റെ രാഷ്ട്രീയ വേദിയിൽ പുതിയ പ്രതിസന്ധിയ്ക്ക് വാതിൽ തുറന്നിരിക്കുകയാണ്.
Tag: Macron’s close confidant; Sebastien Le Corneaux resigns as French Prime Minister