മാസ്ക്ധരിക്കാത്തവരെ ശാസിച്ചു, നെന്മാറ പൊലീസ് സ്റ്റേഷനുനേരെ പെട്രോൾ ബോംബ് ആക്രമണം.

നെന്മാറ പൊലീസ് സ്റ്റേഷനുനേരെ പെട്രോൾ ബോംബ് ആക്രമണം. ശനിയാഴ്ച രാത്രിയിൽ ബൈക്കിലെത്തിയ രണ്ടു പേർ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ബിയർകുപ്പി കൊണ്ടുള്ള പെട്രോൾ ബോംബ്, സ്റ്റേഷന് മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡിന് മുന്നിൽ നിന്നും സ്റ്റേഷനിലേക്ക് എറിയുകയായിരുന്നു. സ്റ്റേഷന് മുന്നിലുള്ള തെങ്ങിൽ തട്ടി കുപ്പി തെറിച്ചുവീണതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ നെന്മാറ സ്വദേശികളായ കാർത്തിക് , അജീഷ്, പമ്പാവാസൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെന്മാറ തിരുവിഴയാട് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ മാസ്ക് ധരിക്കാത്ത രണ്ടു യുവാക്കളെ ജൂനിയർ എസ് എ ജയ്സൻ ശാസിക്കേണ്ടി വന്നിരുന്നു. യുവാക്കൾ എസ്ഐയോട് കയർക്കുകയും തട്ടിക്കയറുകയും അത് സംഘർഷ സ്വഭാവമാവുകയും ചെയ്തിരുന്നു. ഇവരാണ് തുടർന്ന് പോലീസ് സ്റ്റേഷനിൽ പെട്രോൾ ബോംബെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഇവർക്കെതിരെ മുൻപ് വധശ്രമം ഉൾപ്പടെയുള്ള കേസുകൾ ഉള്ളതായും പൊലീസ് പറയുന്നുണ്ട്.