Kerala NewsLatest NewsNews

മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4. 30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക.

ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യപ്രഭാഷണം നടത്തും. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുക്കും. ചീഫ് എന്‍ജിനീയര്‍ ഡി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. റെഗുലേറ്റര്‍ പരിസരത്തു നടക്കുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, എം.എല്‍.എ മാരായ കെ.ബാബു, കെ.ഡി പ്രസേനന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജലവിഭവ വകുപ്പ് സെക്രട്ടറി ബി. അശോക്, ചിറ്റൂര്‍ -തത്തമംഗലം നഗരസഭ പ്രതിനിധികള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
1972-ലാണ് മൂലത്തറ റെഗുലേറ്റര്‍ നിര്‍മ്മിച്ചത്. 144.840 മീറ്റര്‍ നീളവും 13 വെന്റ് വേകളും ഉണ്ടായിരുന്ന റെഗുലേറ്റര്‍ ആളിയാറില്‍ നിന്നും ലഭിക്കുന്ന ജലം ഇടത്-വലത് കനാലിലേക്കും പുഴയിലേക്കും ആവശ്യാനുസരണം ക്രമീകരിക്കുന്നു. 2009 നവംബര്‍ എട്ടിന് ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് വലതുകര അബട്ട്മെന്റ് പൂര്‍ണമായും തകര്‍ന്നു പോയി. 2013 ല്‍ റെഗുലേറ്റര്‍ സന്ദര്‍ശിച്ച ഡാം സേഫ്റ്റി റിവ്യൂ പാനലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള രൂപകല്‍പന പ്രകാരം വലതു ഭാഗത്ത് രണ്ട് വെന്റ് വേകളും ഇടതു ഭാഗത്ത് 4 വെന്റ് വേകളും നിര്‍മ്മിക്കാനും സുഗമമായ ജലനിര്‍ഗമനത്തിന് നിലവിലെ ഓഗീ വിയര്‍ പൊളിച്ചു മാറ്റാനും തീരുമാനിച്ചു. 2017 ജൂലൈ 18 നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. മുന്‍പ് രണ്ട് സ്‌കവര്‍ ഷര്‍ട്ടറുകള്‍ അടക്കം ആകെ 13 ഷട്ടറുകളാണ് ഉണ്ടായിരുന്നത്. ഇടയില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ഒഗീ വീയര്‍ നിര്‍മ്മിച്ചിരുന്നു. ജലവിതരണം പുനരാരംഭിക്കുന്നതിനായി വലതു കനാലിന്റെ പാര്‍ശ്വസംരക്ഷണം നടത്തിയെങ്കിലും റഗുലേറ്ററിന്റെ പൂര്‍ണമായ പുനരുദ്ധാരണം ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ഡി.ആര്‍.ഐ.പി) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തിയത്. റെഗുലേറ്ററിന്റെ സമഗ്രമായ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന അധിക പ്രളയജലത്തെ ഉള്‍ക്കൊള്ളാവുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഡി.ആര്‍.ഐ.പി പ്രവൃത്തിയൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button